ആ മഴ യുഎഇ പെയ്യിച്ചപ്പോള്‍ ഫലം വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും

by General | 12-11-2019 | 449 views

ദുബായ്: യുഎഇ-യുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ പെയ്തതല്ല, പെയ്യിച്ചതെന്ന് അധികൃതർ. ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമ മഴ പെയ്യിക്കുക ആയിരുന്നു എന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ക്ലൗഡ്‌സീഡിങ് ഓപ്പറേഷൻസ് വിഭാഗം തലവൻ ഖാലിദ് അൽ ഉബൈദി പറഞ്ഞു. ക്ലൗഡ്‌സീഡിങ് പ്രവർത്തനം നടത്തിയതിനാൽ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഒരു അറബ് മാധ്യമത്തോട് വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയാണ്. ഇതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അറേബ്യൻ ഗൾഫിലും അൽ ഐനിലും കൂടുതൽ മഴമേഘങ്ങൾ ദൃശ്യമായതിനെ തുടർന്ന് നിരവധി തവണ ക്ലൗഡ് സീഡിങ് നടത്തിയെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തണുപ്പുകാലത്തിന്‍റെ വരവറിയിച്ച് പെയ്ത മഴയിൽ ലുവ്‌റ് അബുദാബി, ദുബായ് മാൾ എന്നിവിടങ്ങളിലടക്കം വെള്ളം കയറുകയും പലയിടത്തും കനത്ത നാശനഷ്ടം വിതയ്ക്കുകയും ചെയ്തിരുന്നു.

ശക്തമായ കാറ്റ് ചിലയിടങ്ങളിൽ വൻ നാശം വിതച്ചു. കോർണിഷിൽ ബ്രിട്ടിഷ് എംബസിക്ക് സമീപം നിർമ്മാണ സ്ഥലത്തെ ക്രെയിൻ പൊട്ടിവീണ് ബഹുനില കെട്ടിടത്തിന്‍റെ ഗ്ലാസുകൾ തകർന്നു. നിർമ്മാണ സ്ഥലങ്ങളിൽ സ്ഥാപിച്ച കമ്പിക്കൂടും തകര ഷീറ്റിന്‍റെ കവചവും പലയിടത്തും കാറ്റിൽ തകർന്നു. ക്രെയിനുകളും പൊട്ടിവീണു. തകര ഷീറ്റുകളും ഇരുമ്പു പൈപ്പുകളും കാറ്റിൽ പാറി വീണെങ്കിൽ ആളുകൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. നിർത്തിയിട്ട കാറുകൾക്കു മുകളിൽ കെട്ടിട നിർമ്മാണ സാമഗ്രികളും മരങ്ങളും വീണ് നിരവധി വാഹനങ്ങൾ കേടായി.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അഞ്ച് തവണയാണ് യുഎഇ ക്ലൗഡ് സീഡിങ് നടത്തിയത്. മഴയുടെ അളവ് 15% മുതൽ 25 % വരെ വർധിപ്പിക്കുകയാണ് ലക്ഷ്യം. പത്തുവർഷത്തിലേറെയാണ് ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ നടത്തുന്ന യുഎഇ 2019-ൽ ഇതുവരെ യുഎഇ-യിൽ 181 തവണയാണ് ക്ലൗഡ് സീഡിങ് നടത്തിയിട്ടുള്ളത്. കൃത്രിമ മഴ പെയ്യിക്കുന്നതിൽ വന്മുന്നേറ്റം നടത്തിയ യുഎഇ പുതിയ സാങ്കേതിക വിദ്യകളുമായി മുന്നേറുകയാണ്. നിർമ്മിത ബുദ്ധി (എഐ)യുടെ മികവുകൾ കൂടി ഉൾപ്പെടുത്തി 'മഴമേഘപദ്ധതി' വിപുലമാക്കാനാണ് നീക്കം. കുറേ വർഷങ്ങളായി മഴയ്ക്ക് വേണ്ടി വ്യാപകമായി ക്ലൗഡ്‌സീഡിങ് നടത്തിവരുന്ന രാജ്യമാണ് യുഎഇ.

ലഭ്യമായ മേഘങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി കൃത്രിമ മഴ പെയ്യിക്കുന്ന വിദ്യയാണ് ക്ലൗഡ്‌സീഡിങ്. മേഘങ്ങളിലെ നീരാവി ഘനീഭവിച്ച് ജലത്തുള്ളിയാകുന്ന പ്രതിഭാസമാണ് മഴയായി മാറുന്നത്. നീരാവിയെ രാസപ്രക്രിയയിലൂടെ വെള്ളത്തുള്ളികളാക്കി മാറ്റുന്നു. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാണ് ആദ്യഘട്ടം. ഈ മേഘപാളികളിൽ രാസവസ്തുക്കൾ വിതറുന്നു. സിൽവർ അയോഡൈഡ്, പൊട്ടാസ്യം അയോഡൈഡ്, ഖര കാർബൺ ഡയോക്‌സൈഡ്, ദ്രവീകൃത പ്രൊപ്പെയ്ൻ തുടങ്ങിയവയാണ് ഇതിനു പൊതുവേ ഉപയോഗിക്കുന്നത്. ചെലവു കുറഞ്ഞ രീതിയിൽ ചെയ്യാനുള്ള സാങ്കേതിക വിദ്യകളിലാണ് യുഎഇ ശ്രദ്ധയൂന്നുന്നത്. മേഘങ്ങളിൽ, മഴ പെയ്യുവാൻ വേണ്ടി നടക്കുന്ന പ്രവർത്തനങ്ങൾ ഈ രാസവസ്തുക്കൾ ഉപയോഗിച്ചാണ് നടത്തുന്നത്.

Lets socialize : Share via Whatsapp