.jpg)
രൂപ സാദൃശ്യം വിനയായപ്പോള്‍ നാട്ടില്‍ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെന്ന കേസില്‍ പ്രതിയായി പാവം പ്രവാസി യുവാവ്. ഒടുവില്‍ യഥാര്‍ഥ പ്രതി പിടിയിലായതോടെ യുവാവ് മാനക്കേടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. നാലുകോടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തെന്ന പരാതിയില്‍ തൃക്കൊടിത്താനം സ്വദേശി മുഹമ്മദ് ഷാമോനെ (30) തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് പ്രവാസിയായ യുവാവും കുടുംബവും മാനക്കേടില്‍ നിന്ന് രക്ഷപ്പെട്ടത്.
എ എസ് പി ചമഞ്ഞ് മൂന്നാറിലെ ഹോട്ടലില്‍ തട്ടിപ്പ് നടത്തിയത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഷാമോന് പ്രതിയാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. ഡി വൈ എസ് പി എസ്.സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം തൃക്കൊടിത്താനം സി.ഐ സാജു വര്‍ഗീസ്, എസ്.ഐ സാബു, ജിജു തോമസ്, പി.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മുക്കുപണ്ടം വച്ച് 95,000 രൂപ ഷാമോന് തട്ടിയെടുത്തെന്നാണ് പരാതി. സ്വര്‍ണപ്പണയം സ്വീകരിക്കുന്ന വിവിധ സ്ഥാപന ഉടമകള്‍ ഉള്‍പ്പെട്ട വാട്സാപ് ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരുന്നു. വാട്സാപ്പില്‍ പങ്കുവച്ച അടയാളമുള്ള ഒരാള്‍ കോന്നിയിലെ ഒരു സ്ഥാപനത്തില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ എത്തിയതായി കണ്ടെത്തിയതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണത്തില്‍ ഷാമോന് ആണ് പ്രതി എന്നു മനസ്സിലായി. പൊലീസില്‍ നിന്ന് പ്രതിയുടെ പേര് മനസ്സിലാക്കിയ സ്ഥാപന ഉടമ ഫേസ് ബുക്കില്‍ പേര് തിരഞ്ഞതോടെ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ പ്രൊഫൈല്‍ കണ്ടെത്തി.
കടയുടമ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ ഫോട്ടോ കാണിച്ച് അന്വേഷണം നടത്തുകയും സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ വച്ച് പോസ്റ്റ് ഇടുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ഷാമോന് പൊലീസുമായി ബന്ധപ്പെട്ട് നിരപരാധിത്വം ബോധ്യപ്പെടുത്തി.