.jpg)
അബുദാബി: യു.എ.ഇ 48ാം ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തലസ്ഥാന നഗരിയില്‍ തകൃതിയായി. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ഔദ്യോഗിക ആഘോഷം നടക്കുക. 'നമ്മുടെ പൂര്‍വികരുടെ പാരമ്പര്യം' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വര്‍ഷം യു.എ.ഇ ദേശീയ ദിനാഘോഷം നടക്കുകയെന്ന് സംഘാടക സമിതി പ്രതിനിധി സയീദ് അല്‍ സുവൈദി അറിയിച്ചു. രാജ്യത്തിന്റ സഹിഷ്ണുത, സഹവര്‍ത്തിത്വം, സഹകരണം എന്നീ മൂല്യങ്ങള്‍ ആഘോഷ പരിപാടികളില്‍ ഉയര്‍ത്തിപ്പിടിക്കും.
രാജ്യത്തിന്റെ സഹവര്‍ത്തിത്വം, സമൂഹിക സമൃദ്ധി, അന്താരാഷ്ട്ര ഐക്യം എന്നിവ ഉള്‍പ്പെടുത്തിയുള്ള യു.എ.ഇ ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷനലുകളും സാങ്കേതിക വിദഗ്ധരുമായി സഹകരിച്ചാണ് നടത്തുന്നത്. ഇമറാത്തി സംസ്കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ ഷോ ഒരുക്കാനുള്ള തയാറെടുപ്പ് പ്രമുഖ ഡിസൈനര്‍മാരും പ്രൊഡക്ഷന്‍ സ്പെഷ്യലിസ്റ്റുകളും ആരംഭിച്ചു.
അതിനൂതനമായ വിഷ്വല്‍, ഓഡിയോ ടെക്നോളജി എന്നിവയുടെ സഹായത്തോടെയാണ് ഷോ പ്രദര്‍ശിപ്പിക്കുക. തലമുറകളിലൂടെ കൈമാറിയ അമൂല്യവും സമ്പന്നവുമായ കഥകള്‍ പ്രകടനം നടത്തുന്നവര്‍ അവതരിപ്പിക്കുമെന്നും ദേശീയ ദിനാഘോഷ പരിപാടികളെ സംബന്ധിച്ച സയീദ് അല്‍ സുവൈദി വിശദീകരിച്ചു. 10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു സ്റ്റേജിലാവും പരിപാടി. എട്ട് ഒളിമ്പിക് പൂളുകളുടെ വലിപ്പത്തിന് തുല്യമായ സ്റ്റേജിന്റെ നിര്‍മാണം 23 ആഴ്ചയ്ക്കുള്ളില്‍ റെക്കോര്‍ഡ് സമയത്തിനകം പൂര്‍ത്തീകരിച്ചു. സ്റ്റേജില്‍ 12 മീറ്റര്‍ ഉയരത്തിലുള്ള 22 എച്ച്.ഡി സ്ക്രീനുകള്‍ സ്ഥാപിക്കുന്നു. ആകെ 37 ഭാരം ടണ്‍ ഭാരം. 2,500 എല്‍.ഇ.ഡി യൂനിറ്റുകളും 1,000 ലൈറ്റ് ഫിക്സ്ചേഴ്സുകളും സ്ഥാപിച്ചാണ് സ്റ്റേജും അനുബന്ധ ഭാഗങ്ങളും സജ്ജീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യാനുഭവം സമ്മാനിക്കുന്ന ഉപകരണങ്ങളുടെ വിശാലമായ നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കേബ്ളിങ് ആവശ്യമാണ്. വിശാലമായ സ്റ്റേജിന്റെ പശ്ചാത്തലമൊരുക്കാന്‍ മൂന്ന് കിലോമീറ്ററിലധികം ബ്ലാക്കൗട്ട് ഫാബ്രിക്കും വേണ്ടതുണ്ട്.