വീട്ടുജോലിക്കാരെ പരസ്യം ചെയ്യുന്നത് മനുഷ്യക്കടത്ത്: സൗദി മനുഷ്യാവകാശ കമ്മീഷന്‍

by International | 05-11-2019 | 658 views

റിയാദ്: വീട്ടുജോലിക്കാരെ പരസ്യം ചെയ്യുന്നത് മനുഷ്യക്കടത്തായി കണക്കാക്കുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം പരസ്യങ്ങള്‍ നിരിക്ഷിച്ചുവരികയാണ്. കുറ്റാര്‍ക്കെതിരെ ശക്തമായ നടപി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ വീട്ടു തൊഴിലാളികളെ ഇടപാടുകള്‍ നടത്തുന്നതിന് ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് വെബ് സൈറ്റുകളിലൂടെയും പരസ്യം ചെയ്യുന്നത് നിരീക്ഷിച്ചുവരികയാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗവുമായി സഹകരിച്ചു അത്തരം വെബ് സൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുവാനും പരസ്യം ചെയ്യുന്നവരെ പിടികൂടുവാനും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ഇത്തരം പരസ്യങ്ങള്‍ മനുഷ്യക്കടത്തിന്‍റെ പരിധിയില്‍ പെടുന്നതാണ്. രാജ്യം കുറ്റകരമാണെന്ന് പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുറ്റകൃത്യത്തില്‍ ഇത്തരം പരസ്യങ്ങള്‍ ഉള്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്നും മനുഷ്യാവകാശ കമീഷന്‍ വ്യക്തമാക്കി.

ഇടപാടുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ വ്യക്തികളെ കടത്തുന്ന രീതിയാണ്. അത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ വെബ് സൈറ്റുകളിലൂടെയും പത്രങ്ങളിലൂടെയും മറ്റ് പരസ്യങ്ങളിലൂടെയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയമം ലംഘിച്ച് ഇത്തരം ഇടപാടുകളില്‍ പങ്കാളികളാവുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മനുഷ്യാവകാശം ലംഘിക്കുകയും സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും മാന്യതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണ് മനുഷ്യക്കടത്തെന്ന് കമ്മീഷന്‍ പറഞ്ഞു.

Lets socialize : Share via Whatsapp