.jpg)
ഷാര്‍ജ: ഏഷ്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രിക്കറ്റ് ബാറ്റുകൊണ്ട് ആക്രമിച്ച് അല്‍ സജ്ജ വ്യവസായ മേഖലയ്ക്ക് സമീപം മരുഭൂമിയില്‍ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ പോലീസിന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് 25 വയസ്സുള്ള രണ്ടുപേരെ മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ സജ്ജ വ്യവസായ മേഖലയില്‍ വെച്ച് അപരിചിതമായൊരു വാഹനത്തിലേക്ക് യുവാക്കളെ ബലം പ്രയോഗിച്ച് തള്ളിക്കയറ്റുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനത്തിനകത്തുവെച്ച് യുവാക്കളെ ക്രിക്കറ്റ് ബാറ്റു കൊണ്ട് മോഷ്ടാക്കള്‍ ആക്രമിച്ചു. മൊബൈല്‍ ഫോണും പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്ന ശേഷം മരുഭൂമിയിലേക്ക് തള്ളിയിടുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
യുവാക്കളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ആന്തരിക രക്തസ്രാവമുണ്ടായതായി അല്‍ കാസിമി ആശുപത്രിയിലെ ഉദ്യോഗസ്ഥന് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.