യുഎഇ - യില്‍ പ്രവാസി യുവാവ് കുത്തേറ്റ് മരിച്ചു

by Sharjah | 02-11-2019 | 945 views

ഷാര്‍ജ: 35-കാരനായ പ്രവാസി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വയറ്റില്‍ നിരവധി തവണ കുത്തേറ്റ നിലയിലാണ് യുവാവിനെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കണ്ടെത്തിയത്. മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മുറിവേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന്‍റെ വിവരങ്ങള്‍ അറിയിച്ചുകൊണ്ട് രാത്രി പത്ത് മണിയോടെയാണ് തങ്ങള്‍ക്ക് സന്ദേശം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. രക്തത്തില്‍ കുളിച്ച നിലയിലാണ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ കണ്ടെത്തിയത്.

ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തി അധികം വൈകാതെ മരിക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് ഇന്‍ഡസ്ട്രിയല്‍ സോണ്‍ പൊലീസ് സ്റ്റേഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp