ഷാര്‍ജ പുസ്തകോത്സവത്തിന് തുടക്കമായി

by Sharjah | 30-10-2019 | 828 views

ദുബായ്: മുപ്പത്തിയെട്ടാമത് ഷാര്‍ജ പുസ്തകോത്സവത്തിന് തുടക്കമായി. ഷാര്‍ജ എക്‌സ്‌പോ സെന്‍ററില്‍ നവംബര്‍ ഒന്‍പതു വരെ നടക്കുന്ന പുസ്തകോത്സവത്തില്‍ 81 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരം പ്രസാധകര്‍ പങ്കെടുക്കും.

'തുറന്നപുസ്തകം തുറന്ന മനസ്' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ പുസ്തകോത്സവം. 68 രാജ്യങ്ങളിലെ 173 എഴുത്തുകാരും 28 രാജ്യങ്ങളില്‍ നിന്നുള്ള 90 സാംസ്‌കാരിക വ്യക്തിത്വങ്ങളും പുസ്തകോത്സവത്തിനെത്തുന്നുണ്ട്. 10 ദിവസങ്ങളിലായി 987 പരിപാടികള്‍ എക്‌സ്‌പോ സെന്‍ററില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് മാത്രമായി നാനൂറില്‍പ്പരം പരിപാടികളുണ്ട്.

മെക്‌സിക്കോയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. വിഖ്യാത ടര്‍ക്കിഷ് നോവലിസ്റ്റും 2006-ലെ നൊബേല്‍ സമ്മാന ജേതാവുമായ ഓര്‍ഫാന്‍ പാമുക്, അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ സ്റ്റീവ് ഹാര്‍വെ, ഇന്ത്യന്‍ കവിയും നോവലിസ്റ്റുമായ വിക്രം സേഥ്, ചലച്ചിത്ര സംവിധായകനും കവിയുമായ ഗുല്‍സാര്‍, അമേരിക്കയില്‍ വ്യക്തിത്വ വികസന കണ്‍സള്‍ട്ടന്‍റും സംരഭകനുമായ മാര്‍ക്ക് മന്‍സോണ്‍, ഇറാഖി മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇനാം കച്ചാച്ചി, ഇന്ത്യന്‍ എഴുത്തുകാരി അനിതാ നായര്‍ എന്നിവയാണ് ഇത്തവണത്തെ പുസ്തകോത്സവത്തിലെത്തുന്ന ഏഴ് പ്രധാന എഴുത്തുകാര്‍.

പ്രശസ്ത ഇറ്റാലിയന്‍ ബാലസാഹിത്യകാരി എലിസബെറ്റ ഡാമി, അമേരിക്കന്‍ നോവലിസ്റ്റ് ബെര്‍ണിസ് എല്‍ മക്ഫാഡന്‍, ഇന്ത്യന്‍ കവിയും നോവലിസ്റ്റുമായ ജീത് തയ്യില്‍ തുടങ്ങിയവരും പുസ്തകോത്സവ വേദിയിലെ ആകര്‍ഷണമാണ്.

ഇന്ത്യയില്‍ നിന്ന് അമിതാഭ് ബച്ചന്‍, ഡോ. റസൂല്‍ പൂക്കുട്ടി, കെ.എസ്.ചിത്ര തുടങ്ങിയ പ്രമുഖ വ്യക്തികളും പുസ്തകോത്സവ വേദിയിലെത്തും. പുസ്തകോത്സവത്തില്‍ മലയാളത്തിലെ നൂറ്റമ്പതിലധികം പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

Lets socialize : Share via Whatsapp