.jpg)
കരിപ്പൂര്‍: അറ്റകുറ്റപ്പണിക്കായി കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ അടക്കുന്നു. ടാക്സിവേ നവീകരണത്തിനാണ് തിങ്കളാഴ്ച്ച (ഇന്നലെ) മുതല്‍ അഞ്ച് മാസത്തേക്ക് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് ആറുവരെ അടയ്ക്കുന്നത്. വലിയ വിമാനങ്ങളുടെ സര്‍വീസ് കൂടുതല്‍ സുഖപ്രദമാക്കുന്നതിനാണ് വേണ്ടിയാണിതെന്നാണ് വിശദീകരണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശപ്രകാരമാണ് നടപടി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പ്രവൃത്തി തുടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും. ശീതകാല ഷെഡ്യൂള്‍ ആരംഭിക്കുന്നതിനാലാണ് തിങ്കളാഴ്ച മുതല്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ഈ സമയത്തുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ ഡല്‍ഹി, സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വിസുകളുടെ സമയം പുനഃക്രമീകരിച്ചു.
റണ്‍വേയില്‍ നിന്ന് വിമാനം പാര്‍ക്കിങ് ബേയിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് ടാക്സിവേ. കരിപ്പൂരില്‍ ടാക്സിവേ കോഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങള്‍ക്ക് (ചെറിയ വിമാനങ്ങള്‍) അനുസൃതമായ രീതിയിലാണുള്ളത്. റണ്‍വേയില്‍ നിന്ന് ടാക്സി വേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീതി കുറവാണ്. ഈ പ്രശ്നം പരിഹരിച്ച് വലിയ വിമാനങ്ങള്‍ക്കും സാധാരണ രീതിയില്‍ പ്രവേശിക്കുന്നതിനാണ് വിപുലീകരണം. സര്‍വിസുകളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രവൃത്തി.
കരിപ്പൂരിലിപ്പോള് മൂന്നു ടാക്സിവേകളാണ് ഉള്ളത്. ഒരു സമയം ഒരു ടാക്സിവേയില്‍ മാത്രമായിരിക്കും പ്രവൃത്തി നടക്കുക. ബാക്കിയുള്ളവ സര്‍വിസിനായി ഉപയോഗിക്കും. ഒന്ന് പൂര്‍ത്തിയായ ശേഷമായിരിക്കും അടുത്തത് ആരംഭിക്കുക. ഒരു ടാക്സിവേയുടെ വീതി വര്‍ധിപ്പിക്കുന്നതിന് ഒന്നര മാസമെടുക്കുമെന്നാണ് വിലയിരുത്തല്‍. 71 ലക്ഷം രൂപയാണ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ്. ഇതിനോടൊപ്പം അനുബന്ധ പ്രവൃത്തികളായ ഗ്രേഡിങ്, ഇലക്ട്രിക്കല്‍ എന്നിവയും നടക്കും. പുതിയ ശീതകാല ഷെഡ്യൂള്‍ നിലവില്‍ വന്നെങ്കിലും റിയാദിലേക്കുള്ള ഫ്ലൈനാസ് സര്‍വിസ് മാത്രമാണ് പുതുതായുള്ളത്.
2015 സെപ്റ്റംബറിലാണ് റണ്‍വേ നവീകരണത്തിനായി പകല്‍ 12 മുതല്‍ എട്ടുവരെ അടച്ചിടാന്‍ തുടങ്ങിയത്. പ്രവൃത്തി പൂര്‍ത്തിയായ ശേഷം 2017 മാര്‍ച്ച് ഒന്നിനാണ് റണ്‍വേ മുഴുസമയവും പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനുശേഷം ഈ വര്‍ഷം ജനുവരിയിലാണ് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) 90 മീറ്ററില്‍ നിന്ന് 240 ആയി വര്‍ധിപ്പിക്കുന്നതിനായി ജനുവരി 15 മുതല്‍ ജൂണ്‍ 15 വരെ വീണ്ടും അടച്ചിട്ടത്.