മൂടല്‍മഞ്ഞ്; നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ, വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

by General | 26-10-2019 | 467 views

അബുദാബി: യുഎഇ-യില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. പുലര്‍ച്ചെ തുടങ്ങിയ മഞ്ഞ് ശക്തിയായി തുടരുന്നു. ചിലയിടങ്ങളില്‍ രാവിലെ 10 വരെ മഞ്ഞ് തുടരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ മൂടല്‍മഞ്ഞ് തിങ്കള്‍ വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അബുദാബി മദീനത്ത് സായിദ്, സ്വീഹാന്‍, ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ട് മേഖല തുടങ്ങിയവടിങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ വാഹനഗതാഗതം തടസപ്പെട്ടു. ഇതോടെയാണ് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മഞ്ഞുവീഴ്ച്ച സമയങ്ങളില്‍ വാഹനത്തിന്‍റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി കുറയുമെന്നും നിയമം പാലിച്ച്‌ വാഹനമോടിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവര്‍ക്കു 500 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. മഞ്ഞുള്ള സമയത്ത് ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവര്‍മാര്‍ക്ക് 1,000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റും ശിക്ഷയും നല്‍കുമെന്ന് അധികൃതര്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം പൊടിക്കാറ്റ്, മഴ തുടങ്ങിയ സമയങ്ങളില്‍ റോഡുകള്‍ കാണാന്‍ പറ്റാത്ത അവസ്ഥകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത കുറച്ച്‌ വാഹനമോടിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും മുന്‍കരുതലുകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്മാര്‍ട്ട് ബോര്‍ഡിലും എസ്‌എംഎസ് സന്ദേശം വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയം നല്‍കുമെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം യാത്രയ്ക്ക് മുന്‍പ് കാലാവസ്ഥ മനസിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp