.jpg)
ഷാര്‍ജ: ഗള്‍ഫിലേക്ക് വിസ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചവരുടെ തട്ടിപ്പിനിരയായില്ലെങ്കില് താനും യു.എ.ഇ-യില്‍ പ്രവാസിയായി കഴിയുന്നുണ്ടാകാമെന്ന് സംവിധായകന് സിബി മലയില്‍ പറഞ്ഞു. 40 വര്‍ഷത്തെ ചലച്ചിത്ര സപര്യയ്ക്ക് ലെന്‍സ് വ്യൂ ഷാര്‍ജയൊരുക്കിയ ആദരവിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബികോം ബിരുദധാരിയായ താന്‍ ജോലി അന്വേഷിക്കുന്ന കാലത്താണ് ഗള്‍ഫിലേക്ക് വിസ തരാമെന്ന് പറഞ്ഞ് ഒരാള്‍ പണം വാങ്ങിയത്.
പിന്നീട് വിസ തരാതെ തന്നെ കബളിപ്പിക്കുകയിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അന്നത്തെ കബളിപ്പിക്കലിന് ഇരയായത് ജീവിതത്തില്‍ വലിയ നേട്ടമായെന്ന് വിശ്വസിക്കുന്നതായി സിബി മലയില്‍ ഓര്‍മിച്ചു. കുടുംബ പ്രേക്ഷകര്‍ക്ക് എന്നും ഓര്‍മിക്കാവുന്ന നല്ല സിനിമകള്‍ നല്‍കാനാണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത്, ഒരു പരിധിവരെ അതില്‍ വിജയിച്ചിട്ടുണ്ടെന്നാണ് സ്വയം വിലയിരുത്തല്‍.
പ്രവാസലോകത്ത് കഴിവുള്ള ചലച്ചിത്ര കലാകാരന്മാര് നിരവധിയുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു. എല്ലാവര്ക്കും വിജയിക്കാന്‍ സാധിക്കില്ല, രണ്ടാമതെത്തുന്നവര്‍ അടുത്ത തവണയെങ്കിലും ഒന്നാമതെത്താനാണ് പരാജയം ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.