.jpg)
ദുബൈ: അധിക ചെലവുകളോ സെക്യൂരിറ്റി ഡെപോസിറ്റായി പണമോ നല്‍കാതെ തന്നെ രക്ഷിതാക്കളെയും അടുത്ത ബന്ധുക്കളെയും യു.എ.ഇ-യില്‍ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാം. സന്ദര്‍ശക വിസകള്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളെ സ്പോണ്‍സറാക്കി എടുക്കുകയാണെങ്കില്‍ ദുബൈ എമിഗ്രേഷനില്‍ അധിക കരുതല്‍ ധനം കെട്ടിവെയ്ക്കാതെ തന്നെ പ്രിയപ്പെട്ടവരെ സന്ദര്‍ശനത്തിനായി എത്തിക്കാനാകും.
നേരിട്ട് വിസ എടുക്കുകയാണെങ്കില്‍ മാതാവ്, പിതാവ്, സഹോദരങ്ങള്‍ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് 1,020 ദിര്‍ഹമും മറ്റുള്ളവര്‍ക്ക് 2,020 ദിര്‍ഹമും ദുബൈ എമിഗ്രേഷനില്‍ കെട്ടിവെയ്ക്കണമായിരുന്നു. താരതമ്യേന ശമ്പളം കുറവുള്ള ജോലികള്‍ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം വലിയൊരു ബാധ്യതയായിരുന്നു ഈ സെക്യൂരിറ്റി ഡെപോസിറ്റ്.
അംഗീകൃത ട്രാവല്‍ ഏജന്‍സി വഴി സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇത്തരം പൊല്ലാപ്പുകളൊന്നുമില്ലാതെ വേഗത്തില്‍ തന്നെ വിസ തരപ്പെടുത്താനാകും. മാത്രമല്ല, വളരെ കുറച്ച് പേപ്പര്‍ വര്‍ക്കുകള്‍ മാത്രമേയുണ്ടാവുകയുള്ളൂ. അതെല്ലാം ട്രാവല്‍ ഏജന്‍സികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. ലേബര്‍ കോണ്ട്രാക്ടും അറബിക് ഭാഷയില്‍ തയാറാക്കിയ സാലറി സര്‍ട്ടിഫിക്കറ്റും ദീവ ബില്ലും സ്വയം സംഘടിപ്പിക്കാന്‍ ഓടി നടക്കേണ്ടന്നര്ഥം.