സൗദിയില്‍ ടാക്‌സി നിരക്കുകളില്‍ മാറ്റം

by Travel | 20-10-2019 | 739 views

റിയാദ്: സൗദിയില്‍ ടാക്‌സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ നിരക്കനുസരിച്ച് പത്ത് റിയാലാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്ജ്. അഞ്ചര റിയാല്‍ മുതലായിരിക്കും മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ശേഷം ഓരോ കിലോമീറ്ററിനും ഒരു റിയാല്‍ എട്ട് ഹലാല വീതമായിരിക്കും നിരക്ക്. 4 യാത്രക്കാര്‍ക്കുള്ള ടാക്‌സികളില്‍ 10 റിയാല്‍ മിനിമം നിരക്കായി നിശ്ചയിച്ചിട്ടുണ്ട്. മിനിറ്റിനു 80 ഹലാല വെച്ച്‌ വെയ്റ്റിങ് ചാര്‍ജ്ജും ഈടാക്കും. പ്രത്യേക സാഹചര്യങ്ങളില്‍ വാഹനമോടുന്ന സ്പീഡ് മണിക്കൂറില്‍ 20 ഓ അതില്‍ താഴെയോ ആണെങ്കിലും മിനിറ്റിന് 80 ഹലാല വെച്ച്‌ ചാര്‍ജ്ജ് നല്‍കണം.

കിലോമീറ്റര്‍ ചാര്‍ജ്ജും വെയ്റ്റിംഗ് ചാര്‍ജ്ജും എല്ലാ സമയങ്ങളിലും ഒരുപോലെയായിരിക്കും. എന്നാല്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 വരെ മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന നിരക്ക് 10 റിയാല്‍ മുതലായിരിക്കും. വെള്ളി, ശനി എന്നീ വാരാന്ത്യ അവധി ദിനങ്ങളില്‍ പുലര്‍ച്ചെ 2 മുതല്‍ 6 വരെയായിരിക്കും ഈ നിരക്ക്.

അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ക്കുള്ള ടാക്‌സികളില്‍ 6 റിയാല്‍ മുതലായിരിക്കും മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. കിലോ മീറ്റര്‍ ചാര്‍ജ്ജ് 2 റിയാലും വൈറ്റിംങ് ചാര്‍ജ്ജ് മിനിറ്റിന് 90 ഹലാലയുമായിരിക്കും. വിവിധ ചിലവുകള്‍ പരിഗണിച്ച് ഓരോ 5 വര്‍ഷങ്ങളിലും ടാക്‌സി ചാര്‍ജ്ജുകള്‍ പുതുക്കി നിശ്ചയിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.

Lets socialize : Share via Whatsapp