യുഎഇ - യില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ നഷ്ട ഭീതിയില്‍

by General | 17-10-2019 | 453 views

മനാമ: യുഎഇ-യില്‍ നഴ്സുമാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ വിദ്യാഭ്യാസ നിബന്ധന ഇന്ത്യന്‍ നഴ്‌സുമാരെ കടുത്ത ആശങ്കയിലാക്കി. രജിസ്‌ട്രേഡ് നഴ്സുമാര്‍ക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി സര്‍ക്കാര്‍ നഴ്‌സിങ്ങ് ബിരുദം നിജപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമുള്ള യുഎഇ-യിലെ നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാര്‍ തൊഴില്‍ നഷ്ട ഭീഷണിയിലായി.

രാജ്യത്തിന്‍റെ ഉത്തര എമിറേറ്റുകളില്‍ ഇതിനകം ഡിപ്ലോമക്കാരയ ഇരുന്നൂറോളം നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി. നിരവധി പേരെ അസിസ്റ്റന്‍റ് നഴസ്മാരും മറ്റുമായി തരംതാഴ്ത്തി. ഡിപ്ലോമ മാത്രമുള്ള നഴ്സുമാര്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ യുഎഇ യൂണിവേഴ്സിറ്റികളില്‍ നിന്ന് പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിംഗ് പ്രോഗ്രാം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 2020-നകം ഇത് ചെയ്തില്ലെങ്കില്‍ ജോലിയില്‍ തുടരാനാവില്ല.

അതേസമയം, വിവിധ സര്‍വകലാശാലകളില്‍ കോഴ്സിന് ചേര്‍ന്ന നിരവധി നഴ്സുമാര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റിന് യൂണിവേഴ്സിറ്റികള്‍ക്ക് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടതും നഴ്‌സുമാരെ പ്രതിസന്ധിയിലാക്കി. കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും ജനറല്‍ നഴ്‌സിംഗ് ഡിപ്ലോമ കരസ്ഥമാക്കിയവര്‍ക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. മന്ത്രാലയം അംഗീകരിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക വിഭാഗമാണ് കേരള നഴ്‌സിംഗ് കണ്‍സില്‍. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കേരളത്തിനു പുറത്ത് നഴ്‌സിംഗ് പഠിച്ചവരുമാണ് തുല്യത സര്‍ട്ടിഫിക്കറ്റിന് ബുദ്ധിമുട്ടുന്നത്.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റായിരുന്നിട്ടും തങ്ങള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെടുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‍റെ പാഠ്യ പദ്ധതിയാണ് എല്ലാ സംസ്ഥാനങ്ങളും പിന്‍തുടരുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ ബോര്‍ഡ് നടത്തുന്ന പരീക്ഷകള്‍ യഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. 55,000 ദിര്‍ഹം മുതല്‍ 75,000 ദിര്‍ഹം വരെ നല്‍കിയാണ് പോസ്റ്റ് ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് ചേര്‍ന്നത്. തുല്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് ഇവരെ ആശങ്കയിലാക്കി. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സക്കാരും ഇന്ത്യന്‍ എംബസിയും അടിയന്തിരമായി ഇടപെടണമെന് നഴ്സുമാര്‍ ആവശ്യപ്പെട്ടു.

Lets socialize : Share via Whatsapp