കുവൈത്തില്‍ വിദേശികളായ അവിവാഹിതര്‍ താമസിക്കുന്ന പല കെട്ടിടങ്ങളിലും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

by International | 08-10-2019 | 271 views

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികളുടെ പാര്‍പ്പിട മേഖലകളില്‍ നിന്നും വിദേശികളായ അവിവാഹിതരെ ഒഴിപ്പിക്കുന്ന നടപടി ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഫര്‍വാനിയയിലെ കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. ഇതോടെ ഇന്ത്യക്കാരായ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പ്രതിസന്ധിയിലായി.

സ്വദേശി പാര്‍പ്പിട മേഖലകളില്‍ നിന്ന് കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി മുനിസിപ്പല്‍ അധികൃതര്‍ നടത്തുന്ന നടപടികള്‍ കാരണമാണ് ഇവര്‍ പെരുവഴിയിലായത്.

ഫര്‍വ്വാനിയ ബ്ലോക്ക് 2-ല്‍ സ്വദേശി വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ ഈ മാസം ഒന്നിന് യാതൊരു മുന്നറിയിപ്പുമില്ലാതെ കെട്ടിടത്തിലെ ജല വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നെന്ന് താമസക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് താമസക്കാര്‍ കെട്ടിടത്തിന്‍റെ സൂക്ഷിപ്പുകാരനുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യം വൈദ്യുതി തടസ്സം നേരിട്ടതാണെന്നും അല്‍പസമയത്തിനകം വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും വൈദ്യുതിയോ ജല വിതരണമോ പുനഃസ്ഥാപിക്കപ്പെട്ടില്ല.

തുടര്‍ന്ന് കെട്ടിട ഉടമയുമായി സംസാരിച്ചപ്പോള്‍ ഇവരോട് താമസം ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി വാഹനങ്ങളിലും ട്രക്കുകളുടെ പിന്‍ഭാഗത്തും വഴിയോരങ്ങളിലുമായാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ കെട്ടിടത്തില്‍ താമസിച്ചിരുന്ന നാലു വയസ് പ്രായമായ കുട്ടി അടക്കമുള്ള ഒരു ഇന്ത്യന്‍ കുടുംബവും ദുരിതത്തിലായി. ഇവര്‍ കഴിഞ്ഞ നാലുദിവസമായി സ്വന്തം കാറിനകത്ത് എ.സി പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് രാത്രി കാലങ്ങളില്‍ കഴിയുന്നത്. പുതിയ താമസ ഇടങ്ങള്‍ തേടുന്നുണ്ടെങ്കിലും പലര്‍ക്കും ഇത് വരെ ലഭ്യമായിട്ടില്ല.

സ്വദേശി പാര്‍പ്പിട മേഖലകളില്‍ നിന്നും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ ആഭ്യന്തര, ജല, വൈദ്യുതി മന്ത്രാലയങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ രണ്ട് മാസമായി ഊര്‍ജ്ജിതമായ തെരച്ചില്‍ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ കെട്ടിട ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും അടുത്ത ഘട്ടത്തില്‍ ജല വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമാണ് നടപടി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ലഭിച്ച മുന്നറിയിപ്പ് വീട്ടുടമകള്‍ മിക്കപ്പോഴും താമസക്കാരില്‍ നിന്ന് മറച്ചു വെയ്ക്കുന്നത് മൂലമാണ് ഇത്തരം സാഹചര്യം ഉടലെടുക്കുന്നത്.

Lets socialize : Share via Whatsapp