ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കുവൈത്ത്

by International | 08-10-2019 | 255 views

കുവൈത്ത്: ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്‍റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

പോയിന്‍റ് സംവിധാനം കര്‍ശനമായി നടപ്പാക്കണമെന്നും പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ് ഉത്തരവ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും വിദേശികളാണെങ്കില്‍ നാടുകടത്താമെന്നും നിര്‍ദേശിക്കുന്ന ഉത്തരവില്‍ ലൈസന്‍സില്ലാതെയോ മദ്യപിച്ചോ വാഹനമോടിക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തണമെന്നും നിര്‍ദേശമുണ്ട്.

വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് രേഖപ്പെടുത്തുന്ന പോയിന്‍റുകള്‍ നേരത്തെ ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് റെഡ് സിഗ്‌നല്‍ മറികടക്കുക, ഹൈവേകളിലും റിങ് റോഡുകളിലും ദിശ തെറ്റിച്ച് വാഹനം ഓടിക്കുക എനീ നിയമ ലംഘനങ്ങള്‍ക്ക് 4 ബ്‌ളാക് പോയിന്‍റുകളാണ് രേഖപ്പെടുത്തുക.

റദ്ദാക്കപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ്, രജിസ്‌ട്രേഷന്‍ ഇല്ലാത്തതോ നമ്പര്‍ പ്ലേറ്റില്ലാത്തതോ ആയ വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് മൂന്ന് പോയിന്‍റ് നല്‍കും. ചെറിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉപയോഗിച്ചു ഹെവി വാഹനങ്ങള്‍ ഓടിച്ചാലും ഡ്രൈവറുടെ പേരില്‍ മൂന്നു പോയിന്‍റ് രേഖപ്പെടുത്തും. ഇത്തരത്തില്‍ ലഭിക്കുന്ന പോയിന്‍റുകള്‍ പരിധിയില്‍ കൂടുതലാകുമ്പോഴാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.

Lets socialize : Share via Whatsapp