അബുദാബിയില്‍ പ്രതിവര്‍ഷം 200 ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം; നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴ കൂടാതെ തടവും

by Abudhabi | 07-10-2019 | 612 views

അബുദാബി: ഭക്ഷ്യവിഷബാധ, മോശം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില്‍പ്പന, മോശം ശുചിത്വം എന്നിവയുള്‍പ്പെടെ 200 ഭക്ഷ്യസുരക്ഷാ ലംഘന കേസുകള്‍ അബുദാബി കോടതികളില്‍ പ്രതിവര്‍ഷം രേഖപ്പെടുത്തുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ആളുകളുടെ ആരോഗ്യം അധികാരികളുടെ പ്രഥമ പരിഗണനയാണെന്നും ഭക്ഷണത്തിന്‍റെ സുരക്ഷ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാലിക്കണമെന്നും കാസേഷന്‍ പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി ഹമദ് അല്‍ ളാഹിരി അബുദാബിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യജീവിതത്തിനും ആരോഗ്യത്തിനും ഭക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ യുഎഇ നേതൃത്വം നടത്തിയിട്ടുണ്ട്. ഫാം അല്ലെങ്കില്‍ ഫാക്ടറികളില്‍ നിന്നും ഗതാഗതം, സംഭരണം, വില്‍പ്പന, വിതരണം എന്നിവയിലൂടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അന്തിമ ഉപഭോക്താവില്‍ എത്തുന്നതുവരെ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പരിരക്ഷിക്കുന്നു- അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷ, ശുചിത്വ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി എ ഡി എഫ് എസ് എ ആശങ്കാകുലനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങള്‍ അനുസരിച്ച് വ്യക്തികള്‍, ഔട്ട്‌ലെറ്റുകള്‍, റെസ്റ്റോന്‍റുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് 5,000 ദിര്‍ഹം മുതല്‍ 2,00,000 ദിര്‍ഹം വരെ പിഴ ഈടാക്കാമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുതിന് പിഴ കൂടാതെ, വിചാരണ ചെയ്യപ്പെടുന്ന വ്യക്തികളെ നിയമലംഘനങ്ങളെ ആശ്രയിച്ച് ഒരു മാസം മുതല്‍ മൂന്ന് മാസം വരെ തടവിന് ശിക്ഷിക്കാം അദ്ദേഹം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങളും ഔട്ട്‌ലെറ്റുകളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം അല്‍ ളാഹിരി പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഭക്ഷ്യ സ്ഥാപനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ എ ഡി എ എഫ് എസ് എ നടത്തും. അബുദാബിയിലെ ഭക്ഷ്യ ഫാക്ടറികള്‍, റെസ്റ്റോറന്‍റുകള്‍, അടുക്കളകള്‍, ഇറച്ചി കടകള്‍, കശാപ്പുകേന്ദ്രങ്ങള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവ എ ഡി എ എഫ് എസ് എ പതിവായി പരിശോധിക്കുന്നു. മിക്ക സ്ഥാപനങ്ങളും ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധാലുവാണെന്ന് അധികൃതര്‍ പറഞ്ഞു.

Lets socialize : Share via Whatsapp