നിതാഖാത്ത് കുരുക്കായി; നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികള്‍

by International | 06-10-2019 | 481 views

സൗദി ഭരണകൂടം നിതാഖാത്ത് നടപ്പാക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി പൂട്ടിച്ചതോടെ മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ദുരിതത്തില്‍. പൂട്ടിച്ച സ്ഥാപനങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതോടെ ലേബര്‍ ക്യാമ്പുകളിലാണ് തൊഴിലാളികളുടെ താമസം. സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരുടെ യാത്രാനുമതി റദ്ദാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണിവര്‍. ഇവരിലേറെയും മലയാളികളാണ്.

തൊഴിലാളികള്‍ക്ക് ലേബര്‍ക്യാമ്പുകളില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്ന് ദമാം സന്ദര്‍ശിച്ച പ്രവാസിക്ഷേമ നിയമസഭാ സമിതി ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ പറഞ്ഞു. ദമാമിലെ 'അല്‍ദോസരി' കമ്പനിയുടെ ലേബര്‍ ക്യാമ്പാണ് സന്ദര്‍ശിച്ചത്. മുന്നൂറ് തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ എഴുപതോളം പേര്‍ മലയാളികളാണ്.

മലയാളി സംഘടനകളുടെ കാരുണ്യത്തിലാണ് ഇവരിപ്പോള്‍ ജീവിക്കുന്നത്. നവോദയ ദമാം ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. കെ.എം.സി.സി, ഐ.ഒ.എഫ്, മലബാര്‍ അടുക്കള എന്നീ കൂട്ടായ്മകളും സഹായം നല്‍കുന്നു. തൊഴിലാളികളുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒന്നര വര്‍ഷമായി തൊഴിലാളികള്‍ക്ക് ശമ്പളമില്ല. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ നാട്ടിലേക്കു വരാന്‍ കഴിയുന്നില്ല. കമ്പനികള്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടിയും സ്വീകരിക്കുന്നില്ല.

അല്‍ കോബാര്‍, അറാര്‍ എന്നിവിടങ്ങളിലും തൊഴിലാളികള്‍ ദുരിതം അനുഭവിക്കുകയാണ്. ദുരിതാവസ്ഥ കാണിച്ച്‌ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി-മാരും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ ആവശ്യപ്പെട്ടു.

Lets socialize : Share via Whatsapp