ഷാര്‍ജയില്‍ വാഹനാപകടം; ഇന്ത്യന്‍ ബാലന് ഗുരുതര പരിക്ക്

by Sharjah | 05-10-2019 | 920 views

ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന വാഹനാപകടത്തില്‍ ഇന്ത്യക്കാരനായ പത്തുവയസുകാരന് ഗുരുതര പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് വന്‍ അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് ഏഴ് പേരെ അല്‍ കാസിമി, അല്‍ കുവൈറ്റ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടിയെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രിയില്‍ എത്തിച്ചത്. തെറ്റായ രീതിയില്‍ മറ്റൊരു വാഹനത്തെ മറി കടന്നതാണ് അപകടത്തിന് കാരണമായതെന്നും രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകുന്നേരം 4 മണിയോടെയാണ് അപകട വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിമിഷങ്ങള്‍ക്കകം തന്നെ ട്രാഫിക് പെട്രോളിംഗ് സംഘവും ആംബുലന്‍സ്, പാരാമെഡിക്‌സ്, റെസ്‌ക്യൂ ടീമുകളും സ്ഥലത്തെത്തി. പരിക്കേറ്റവരില്‍ ചിലര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനങ്ങളെ തെറ്റായ രീതിയില്‍ മറികടക്കരുതെന്നും വാഹനങ്ങള്‍ തിരിക്കുമ്പോള്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കരുതെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും പെട്ടെന്ന് വാഹനങ്ങള്‍ തിരിക്കുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

Lets socialize : Share via Whatsapp