തൊഴിലിടങ്ങളിലെ ആക്രമണം; ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കി സൗദി

by International | 05-10-2019 | 373 views

റിയാദ്: തൊഴിലിടങ്ങളിലെ ആക്രമണങ്ങളില്‍ നിന്ന് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കി സൗദി. ഈ മാസം 20 മുതല്‍ ജീവനക്കാരുടെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം പ്രാബല്യത്തില്‍ വരും. തൊഴിലിടങ്ങളിലെ ആക്രമണങ്ങളില്‍ നിന്ന് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന വ്യവസ്ഥകള്‍ക്ക് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ രാജ്‌ഹിയാണ് അംഗീകാരം നല്‍കിയിട്ടുണ്ട്.

തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആകര്‍ഷകമാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി. പെരുമാറ്റ ദൂഷ്യങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍, അതിക്രമങ്ങള്‍ തടയുന്നതിന് സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെക്കുറിച്ചു അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയെല്ലാം പുതിയ നിയമത്തില്‍ രേഖപെടുത്തുന്നുണ്ട്.

എല്ലാവിധ ചൂഷണങ്ങളും ഭീഷണികളും വിവേചനങ്ങളും തൊഴിലിടങ്ങളിലെ അതിക്രമങ്ങളായി പരിഗണിക്കും. ജോലി സമയത്തും അല്ലാത്തപ്പോഴും ജോലിയുടെ ഭാഗമായി തൊഴിലാളികള്‍ക്കിടയിലുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും പുതിയ വ്യവസ്ഥ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതായും മന്ത്രാലയ വ്യക്താവ് അറിയിച്ചു.

Lets socialize : Share via Whatsapp