മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന എട്ടാമത് കഥകളി മഹോത്സവത്തിന് അബുദാബിയില്‍ തിരിതെളിഞ്ഞു...

by Entertainment | 05-10-2019 | 605 views

മൂന്ന് ദിവസങ്ങളിലായി സീതായനം എന്ന പേരില്‍ നടക്കുന്ന കഥകളി മഹോത്സവത്തില്‍ രാമായണ കഥകളായ ബാലിവധം, രാവണ വിജയം, ശ്രീരാമ പട്ടാഭിഷേകം, തോരണ യുദ്ധം എന്നീ നാല് കഥകളാണ് അവതരിപ്പിക്കുന്നത്. ബാലിവധമാണ് ആദ്യ ദിനം അരങ്ങേറിയത്. കലാമണ്ഡലം ഗോപിയാശാന്‍റെ ശ്രീരാമ വേഷമായിരുന്നു ആദ്യ ദിനം അരങ്ങിന്‍റെ മുഖ്യ ആകര്‍ഷണമായത്. എണ്‍പത്തിമൂന്നാം വയസിലും രാമനായി ആശാന്‍ നിറഞ്ഞാടിയത് സദസ്സിന് കഥകളിയുടെ മനോഹരമായ കാഴ്ച്ചയാണ് സമ്മാനിച്ചത്.

സുഗ്രീവനുമായുള്ള യുദ്ധത്തിനിടെ ശ്രീരാമന്‍റെ ഒളിയമ്പേറ്റ് കഥാവശേഷനായ രാമായണത്തിലെ ദുരന്തകഥാപാത്രമായ ബാലി അരങ്ങില്‍ തകര്‍ത്താടിയപ്പോള്‍ സദസ്സിനു സമ്മാനിച്ചത് ആസ്വാദനത്തിന്‍റെ വേറിട്ട അനുഭവമായിരുന്നു. വീറോടെ പൊരുതുന്ന യോദ്ധാവായും ധര്‍മാധര്‍മങ്ങളെക്കുറിച്ച്‌ ഗഹനമായ ചോദ്യങ്ങളുന്നയിക്കുന്ന മരണാസന്നനായും ബാലി മിഴിവോടെ പകര്‍ന്നാടി. ബാലിയായി സദനം കൃഷ്ണന്‍ കുട്ടിയാണ് അരങ്ങിലെത്തിയത്. രാവണനായി കലാമണ്ഡലം സുബ്രഹ്മണ്യനും സീതയായി കലാമണ്ഡലം വിജയകുമാറും സുഗ്രീവനായി കലാമണ്ഡലം നീരജും നിറഞ്ഞാടി. നെടുമ്പുള്ളി രാംമോഹന്‍, വേങ്ങേരി നാരായണന്‍, അഭിജിത്‌വര്‍മ്മ എന്നിവരുടെ പാട്ട് കഥകളിയെ മികവുറ്റതാക്കി. കേരള സോഷ്യല്‍ സെന്‍റര്‍, ശക്തി തിയേറ്റേഴ്‌സ്, മണിരംഗ് എന്നീ സംഘടനകള്‍ സംയുക്തമായാണ് കഥകളി മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

Lets socialize : Share via Whatsapp