ഒമാനില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ...

by International | 05-10-2019 | 324 views

മസ്‌കത്ത്: അല്‍ ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇബ്രി, ദങ്ക്, യങ്കല്‍, സുഹാര്‍, നിസ്വ, ബഹ്ല, അല്‍ അവാബി, ഇബ്ര, ജബല്‍ അഖ്ദര്‍, ബിര്‍കത്ത് അല്‍ മൗസ്, ജബല്‍ ശംസ് തുടങ്ങി വിവിധ ഇടങ്ങളിലാണ് മഴ പെയ്തത്.

ഈ വാരാന്ത്യം മുതല്‍ മഴ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. എന്നാല്‍, ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടി നിന്നത് ഗതാഗതക്കുരുക്കിന് കാരണമായി. മഴ ലഭിച്ച പ്രദേശങ്ങളില്‍ ശക്തമായ കാറ്റും അടിച്ചുവീശി.

ഇവിടങ്ങളില്‍ ചൂട് കുറഞ്ഞ് തണുത്ത കാലാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇന്ന് ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും ആലിപ്പഴ വീഴ്ചക്കും മുസന്ദം ഗവര്‍ണറേറ്റിലും അല്‍ ഹജര്‍ പര്‍വതനിരകളിലും സമീപ വിലായതിലും സാധ്യതയുണ്ട്. ഇറാനില്‍ നിന്നുള്ള ന്യൂനമര്‍ദത്താലുള്ള ഉപരിതരംഗമാണ് അല്‍ ഹജര്‍ പര്‍വതത്തിന് മുകളില്‍ മേഘം രൂപപ്പെടുന്നതിനെ ശക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളിലുണ്ടായ സമാന തോതിലുള്ള മഴയാണുണ്ടാകുക.

Lets socialize : Share via Whatsapp