സൗദി മലയാളികളുടെ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുമ്പോള്‍...

by International | 04-10-2019 | 427 views

ദമ്മാം: സൗദി അറേബ്യയില്‍ മലയാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു. ഈ വര്‍ഷം മാത്രം 6 പ്രവാസി മലയാളികളാണ് രാജ്യത്ത് ജീവനൊടുക്കിയത്. സാമ്പത്തിക കടബാധ്യതയോ, തൊഴിലിടങ്ങളില്‍ നിന്നോ, വീട്ടില്‍ നിന്നോ ഉള്ള മാനസിക പ്രശ്‍നങ്ങളാണ് കൂടുതല്‍ ആളുകളും പെട്ടെന്ന് ജീവനൊടുക്കാന്‍ ഈ വഴി തെരഞ്ഞെടുക്കുന്നത് .

ആത്മഹത്യയ്ക്കായി താമസസ്ഥലമാണ് തെരെഞ്ഞെടുക്കുന്നതിനാല്‍ കൂടെയുള്ള സഹപ്രവര്‍ത്തകരോ, സുഹൃത്തുക്കളോ ആണ് പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അകപെടുന്നത്. ചിലപ്പോള്‍ ദിവസങ്ങളോളം നിരപരാധികളെ ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിപ്പിക്കും. തെളിവ് ലഭിച്ചില്ലെങ്കില്‍ അവര്‍ കുടുങ്ങുകയും ചെയ്യും. ഇത്തരം കേസുകളില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പല കാരണത്താല്‍ വൈകുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സൗദിയിലെ ജിസാനില്‍ മലപ്പുറം മൊറയൂര്‍ സ്വദേശി മനങ്ങറ്റ ഹുസ്സന്‍ എന്ന ബാബുവിനെ (40) ജിസാന്‍ ബെയ്ഷിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി സൗദിയിലുള്ള ബാബു സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രെവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നര വര്‍ഷം കഴിഞ്ഞ് നാട്ടില്‍ പോയി തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളു.

കഴിഞ്ഞ മൂന്ന് ദിവസം മുന്‍പാണ് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍, മാവേലിക്കര സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര കല്ലുമല മംഗലശ്ശേരില്‍ പീതാംബരന്‍റെ മകന്‍ ശ്രീകുമാറിനെയാണ് (48) താമസസ്ഥലത്തെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് കിടക്കാന്‍ പോയതായി സുഹൃത്തുക്കള്‍ പറഞ്ഞു.

രാവിലെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിലെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

റിയാദില്‍ മലയാളി യുവാവ് ഈ വര്‍ഷം ഒക്ടോബര്‍ 29-ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. കൊട്ടാരക്കര തുറവൂര്‍ ഓടാനവട്ടം ആര്‍.എസ് ഭവനില്‍ രണ്‍ദീര്‍നെ (30) യാണ് റിയാദിലെ എക്‌സിറ്റ് 8-ലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം. രാത്രിയോടെ സഹപ്രവര്‍ത്തകര്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു രണ്‍ദീര്‍. പോലീസ് എത്തിയാണ് മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അവിവാഹിതനായിരുന്നു പരേതന്‍.

2019 ജൂലായ് 14-ന് സൗദി അറേബ്യയിലെ ഹോത്ത ബനീ തമീമില്‍ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പൊന്‍പള്ളി റഹീം (52) താമസ സ്ഥലത്ത് തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.

ഇത്തരത്തില്‍ ഈ വര്‍ഷം തന്നെ നിരവധി പ്രവാസി മലയാളികളാണ് ആത്മഹത്യ ചെയ്തത്. സൗദി അറേബ്യയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണതയ്ക്ക് തടയിടാന്‍ ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ രംഗത്ത് വരണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ഓര്‍മപ്പെടുത്തി. 

Lets socialize : Share via Whatsapp