മുപ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം 30 മുതല്‍

by Sharjah | 03-10-2019 | 792 views

ഷാര്‍ജ: മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് അല്‍താവൂന്‍ എക്സ്പോ സെന്‍ററില്‍ ഈ മാസം മുപ്പതിന് തുടക്കം കുറിക്കും. 'തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടായിരിക്കും. മലയാളത്തില്‍ നിന്നുള്‍പ്പെടെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാ താരങ്ങളും പ്രസാധകരും രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

മലയാളികളുടേതുള്‍പ്പെടെ കേരളത്തിലെയും യുഎഇ-യിലെയും നൂറ്റമ്പതോളം പുസ്തകങ്ങളും പ്രകാശനം ചെയ്യും. ചര്‍ച്ചകളും, സെമിനാറുകളും, ശില്‍പശാലകളും, മുഖാമുഖവും, തത്സമയ പാചക പരിപാടികളും നടത്തും. സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് ആണ് ഇത്തവണത്തെ മുഖ്യാതിഥി. ഒപ്പം ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത് തുടങ്ങിയവരുടെ നിര പത്ത് ദിവസം നീളുന്ന മേളയിലുണ്ടാവും.

മലയാളത്തില്‍ നിന്ന് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ, നടന്‍ ടൊവിനോ തോമസ് എന്നിവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ഗള്‍ഫിലെ ഏറ്റവും വലുതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും പുസ്തകമേളയാണ് ഷാര്‍ജയില്‍ അരങ്ങേറുന്നത്. മെക്സിക്കോയാണ് ഇത്തവണത്തെ രാജ്യാന്തര പുസ്തകമേളയിലെ അതിഥി രാജ്യം. മെക്സിക്കോയുടെ സാഹിത്യ ചരിത്രം അനാവരണം ചെയ്യുന്ന പരിപാടികളും മേളയില്‍ നടക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് 11 ദിവസം നീളുന്ന മേള നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

Lets socialize : Share via Whatsapp