കേരളത്തിലേക്ക് ഇനി 30 വിമാന സര്‍വ്വീസുകള്‍; അംഗീകാരം നല്‍കി കേന്ദ്രം

by Travel | 01-10-2019 | 899 views

ന്യൂഡല്‍ഹി: കേരളത്തിലേക്ക് 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉത്സവകാലങ്ങളില്‍ വിദേശത്ത് നിന്നടക്കം കൂടുതല്‍ യാത്രക്കാര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വിഷയും കേരളം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ആഭ്യന്തര, അന്താരാഷ്ട്ര സ‍ര്‍വ്വീസുകളിലെ യാത്രക്കാരുടെ വര്‍ദ്ധന ചൂണ്ടിക്കാട്ടി വിമാന കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറാകണമെന്നും കേരളം ആവശ്യപ്പെട്ടു. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന്‌ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉന്നതതല യോഗം ഒക്ടോബറില്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുമെന്ന്‌ ഹര്‍ദീപ്‌ സിംഗ്‌ പുരി നേരത്തെ അറിയിച്ചിരുന്നു. വ്യോമയാന മന്ത്രാലയ സെക്രട്ടറി, ഡി.ജി.സി.എ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്‌, കൂടാതെ വിവിധ സ്വകാര്യ വിമാന കമ്ബനികളുടെ പ്രതിനിധികളും ജനപ്രതിനിധികളുടെയും യോഗമാണ്‌ ചേരുകയെന്ന് മന്ത്രി എം കെ രാഘവന്‍ എം.പി-ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങളായി അധികൃതരില്‍ നിന്ന്‌ കരിപ്പൂര്‍ വിമാനത്താവളം എല്ലാ രീതിയിലും കടുത്ത അവഗണനയാണ്‌ നേരിടുന്നതെന്നും എം.പി കൂടികാഴ്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Lets socialize : Share via Whatsapp