ജിദ്ദ - കരിപ്പൂര്‍ സെക്ടറില്‍ ഒക്ടോബര്‍ 27 മുതല്‍ വീണ്ടും എയര്‍ ഇന്ത്യ; ആഴ്ചയില്‍ നാല് സര്‍വീസുകള്‍ക്ക് നീക്കം

by Travel | 30-09-2019 | 610 views

ജിദ്ദ: കരിപ്പൂര്‍ - ജിദ്ദ വീഥിയില്‍ ഇന്ത്യയുടെ ദ്വജവാഹകര്‍ക്ക് ശാപമോക്ഷം. നാല് വ൪ഷങ്ങള്ക്കു മുമ്പ് മുടങ്ങിയ ഈ സെക്ടറിലെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി എയര്‍ ഇന്ത്യയില്‍ നിന്ന് അറിവായി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ശൈത്യകാല പട്ടികയില്‍ ഉള്‍പ്പെടുത്തിയ കരിപ്പൂര്‍ - ജിദ്ദ സര്‍വീസുകള്‍ ഒക്ടോബര്‍ 27 മുതല്‍ പുനര്‍ജനി കൊണ്ട് പറക്കും. ഇതോടെ, ജിദ്ദയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് മലാബാറില്‍ നിന്നുള്ളവരുടെ മുറവിളി സഫലമാവുകയാണ്. മാസംതോറും ആയിരക്കണക്കിന് വരുന്ന ഉംറ തീ൪ഥാടകര്‍ക്കും അനുഗ്രഹമാകും.

എയര്‍ ഇന്ത്യ കൂടി വരുന്നതോടെ ടിക്കെറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഗുണം കൈവരുമെന്നാണ് വിശ്വാസം. നിലവില്‍ സൗദി എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയാണ് ജിദ്ദ - കരിപ്പൂരില്‍ റൂട്ടില്‍ നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്.

ജിദ്ദ, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ടൈം സ്ലോട്ട് അന്തിമ മായി ലഭിക്കുന്നതോടെ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ക്കാണ് ശ്രമം നടക്കുന്നത്. ഇതും ഏതാനും ദിവസങ്ങള്‍ക്കകം അറിയാം. എന്തായാലും ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ ഉറപ്പായിട്ടുണ്ട്.

പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പഴയ പ്രതാപം തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടി നിരന്തരം പ്രത്യക്ഷ കര്‍മ്മ പരിപാടികള്‍ നടത്തുന്ന മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ഫോറം ( എം ഡി എഫ്) അടക്കമുള്ള വിവിധ ജനകീയ സംഘടനകളുടെ വിജയം കൂടിയാണ് ജിദ്ദ - കരിപ്പൂര്‍ സെക്റ്ററിലെ എയര്‍ ഇന്ത്യയുടെ തിരിച്ചു വരവ്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും എം ഡി എഫ് ചെയ൪മാ൯ കെ എം ബഷീര്‍ അഭിവാദ്യം ചെയ്തു.

Lets socialize : Share via Whatsapp