ലോകത്തെ ഞെട്ടിച്ച് സൗദി രാജകുമാരന്‍റെ മുന്നറിയിപ്പ്... നിങ്ങളിത് ചെയ്തില്ലെങ്കില്‍ പണി പാളും

by International | 30-09-2019 | 411 views

ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ എണ്ണവിലയെ അതിരൂക്ഷമായി ബാധിക്കുമെന്ന് സൗദി രാജകുമാര മുഹമ്മദ് ബിന്‍ സല്‍മാന്‍റെ മുന്നറിയിപ്പ്. ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്തവിധം കുതിച്ചയരുമെന്നും സിബിഎസിനു നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. യെമനിലെ ഹൂതി വിമതരുമായുള്ള പോരാട്ടം സൗദി കടുപ്പിക്കുന്നതിനിടെയാണ് സൗദി കിരീടാവകാശിയുടെ മുന്നറിയിപ്പ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് അഭിമുഖം അമേരിക്കന്‍ മാധ്യമം പുറത്തുവിട്ടത്.

ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധം ഇന്ധന വിതരണം തടസപ്പെടുകയും എണ്ണവില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുകയും ചെയ്യുമെന്നാണ് സൗദി രാജകുമാരന്‍റെ മുന്നറിയിപ്പ്. തെഹ്‌റാനുമായുള്ള റിയാദിന്‍റെ തര്‍ക്കം ഇനിയും തുടര്‍ന്നാല്‍ ലോക സമ്പദ്‌വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇറാന്‍റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളായ അരാംകോയില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സല്‍മാന്‍ രാജകുമാരന്‍റെ പ്രതികരണം.

ഇറാനുമായി യുദ്ധത്തിലേര്‍പ്പെടുന്നതിനോട് സൗദി യോജിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധ മുണ്ടായാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തെ ഇന്ധന വിതരണത്തിന്‍റെ 30 ശതമാനവും ആഗോള വ്യാപാര ഭാഗങ്ങളുടെ 20 ശതമാനവും ലോക ജിഡിപിയുടെ നാല് ശതമാനവും പ്രതിനിധീകരിക്കുന്നത് സൗദിയാണ്. ഇത് മൂന്നും തടസപ്പെട്ടാല്‍ സൗദിയേയോ മധ്യപൂര്‍വ ദേശത്തെയോ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള തകര്‍ച്ചയ്ക്ക് തന്നെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയുടെ എണ്ണകയറ്റുമതിയുടെ അമ്പത് ശതമാനവും ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ആരാംകോയിലെ ഹൂതി വിമതരുടെ ആക്രമണത്തിന് ശേഷം യെമനില്‍ സൗദി സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.

ഹൂതികള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കയ്ക്ക് പിന്നാലെ സൗദിയും ഇറാന് ആക്രമത്തില്‍ പങ്കുള്ളതായി ആരോപിച്ചിരുന്നു. സൗദിക്കും ഗള്‍ഫിലെ സഖ്യരാഷ്ട്രങ്ങള്‍ക്കും കൂടുതല്‍ സുരക്ഷയൊരുക്കുന്നതിനായി ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Lets socialize : Share via Whatsapp