ഇന്ത്യന്‍ സ്ഥാനപതി സ്ഥാനത്ത് നിന്നും നവ്ദീപ് സിംഗ് പടിയിറങ്ങി

by General | 30-09-2019 | 332 views

അബുദാബി: യു.എ.ഇ-യിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ദീര്‍ഘനാളത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നു. വിവിധ രാജ്യങ്ങളിലെ സേവനത്തിനൊടുവില്‍ സംഭവബഹുലമായ തന്‍റെ ഓര്‍മകളുമായാണ് അദ്ദേഹം അബുദാബിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ പടിയിറങ്ങുന്നത്.

സൂരിയെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക ജീവിതത്തിലെ സുവര്‍ണ അധ്യായം യു.എ.ഇ-യിലായിരിക്കണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ രണ്ട് യു.എ.ഇ സന്ദര്‍ശനത്തിനും ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി അദ്ദേഹം കരുതുന്നു. യു.എ.ഇ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ വെച്ച്‌ ഏറ്റവും വലിയ ഔദ്യോഗിക ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീകരിക്കുന്നതിന് അദ്ദേഹം അഭിമാനത്തോടെ സാക്ഷിയായി. മികവാര്‍ന്ന പ്രവര്‍ത്തനത്തിന് യു.എ.ഇ ഗവണ്മെന്‍റിന്‍റെ ഔദ്യോഗിക ബഹുമതിയും നവദീപ് സിങ് സൂരിയെ തേടിയെത്തി.

യു.എ.ഇ-യിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ആരായാലും അവര്‍ക്കിന്ന് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം വളരെ വലുതാണ്. അതിലേറ്റവും പ്രധാനം മുപ്പത്തിമൂന്ന് ലക്ഷത്തോളം വരുന്ന യു.എ.ഇ-യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ താത്പര്യങ്ങളാണ്. യു.എ.ഇ-യിലെ വാണിജ്യ വ്യവസായ മേഖലയിലും ഏറ്റവും വലിയ സാന്നിധ്യം ഇന്ത്യക്കാരുടേതാണ്. ചെറുതും വലുതുമായ ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ സമൂഹം വിജയകരമായി യു.എ.ഇ-യില്‍ നടത്തുന്നു. ഒപ്പം പതിറ്റാണ്ടുകളായി തുടരുന്ന സാമൂഹിക സാംസ്കാരിക ബന്ധങ്ങളും കൂടിച്ചേരുന്ന ഒരു അന്തരീക്ഷത്തിലാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി യു.എ.ഇ-യില്‍ ഔദ്യോഗിക ജീവിതം നയിക്കുന്നത്.

2018-19 വര്‍ഷം 60 ബില്യണ്‍ യു.എസ് ഡോളറിന്‍റെ വ്യാപാരബന്ധമാണ് ഇന്ത്യയും യു.എ.ഇ-യും തമ്മില്‍ നടന്നത്. ഇന്ത്യയില്‍ നിന്ന് യു.എ.ഇ-യിലേക്കുള്ള കയറ്റുമതി 31 ബില്യണ്‍ ഡോളറിന്‍റേതും ഇറക്കുമതി 29 ബില്യണ്‍ ഡോളറിന്‍റേതുമാണ്. ഇതുകൂടാതെ യു.എ.ഇ-യിലെ ഇന്ത്യന്‍ സമൂഹം അയക്കുന്ന ദശലക്ഷങ്ങളുടെ വിനിമയം വേറേയും. കഴിഞ്ഞവര്‍ഷം 17 ബില്യണ്‍ ഡോളറാണ് യു.എ.ഇ-യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള റെമിറ്റന്‍സ്.

യു.എ.ഇ-യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ താത്പര്യ സംരക്ഷണത്തോടൊപ്പം ഇന്ത്യ യു.എ.ഇ വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ഉത്തരവാദിത്വവുമുണ്ട് ഓരോ നയതന്ത്ര കാര്യാലയങ്ങള്‍ക്കും. കഴിഞ്ഞ മൂന്നുവര്‍ഷം ഇന്ത്യ-യു.എ.ഇ ബന്ധം ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. അതിലേറ്റവും പ്രധാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനങ്ങള്‍ തന്നെയായിരുന്നു.

4 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനവും തുടര്‍ന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഇന്ത്യാ സന്ദര്‍ശനവും ഇന്ത്യ യു.എ.ഇ ബന്ധത്തില്‍ നയതന്ത്ര വിസ്ഫോടനം തന്നെയാണ് സൃഷ്ടിച്ചത്. തുടരെയുള്ള മൂന്ന് സന്ദര്‍ശനങ്ങള്‍ കൊണ്ട് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സഖ്യരാജ്യമായി യു.എ.ഇ മാറി. അതിന്‍റെ ഏറ്റവും പ്രധാനമായ ഉദാഹരണമായിരുന്നു ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോള്‍ യു.എ.ഇ സ്വീകരിച്ച ഇന്ത്യാ അനുകൂല നിലപാട്. അബുദാബിയില്‍ നടന്ന അറബ് രാജ്യങ്ങളുടെ ലോക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത് അന്തരിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജായിരുന്നു. യു.എ.ഇ-യിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് നിര്‍മാണ അനുമതി ലഭിച്ചതും നയതന്ത്ര രംഗത്തെ വലിയ ചുവടുവെയ്പ്പാണ്.

ഇങ്ങനെ സംഭവബഹുലമാണ് നവദീപ് സിങ് സൂരിയുടെ യു.എ.ഇ-യിലെ ഔദ്യോഗിക ജീവിതം. മികച്ച നയതന്ത്രജ്ഞതയും പ്രഭാഷണ ചാതുരിയും കൊണ്ട് യു.എ.ഇ ഭരണാധികാരികളുടെ ഹൃദയത്തിലിടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒപ്പം സാധാരണക്കാര്‍ക്കും ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ കരുതല്‍ എല്ലായ്‌പ്പോഴും ലഭ്യമാക്കാന്‍ അദ്ദേഹത്തിനായി. തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായവും സഹകരണവും ഉറപ്പാക്കിയാണ് സൂരിയുടെ മടക്കം. മണി സൂരിയാണ് ഭാര്യ.

Lets socialize : Share via Whatsapp