ഫ്ലാറ്റിലേക്ക് ഗ്യാസ് എത്തിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു; ദുബൈയില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു

by Dubai | 30-09-2019 | 357 views

ദുബൈ നഗരത്തില്‍ ഫ്ലാറ്റിലേക്ക് ഗ്യാസ് എത്തിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച്‌ ഇന്ത്യക്കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബര്‍ദുബൈയിലെ മന്‍ഖൂലിലാണ് അപകടം. ശനിയാഴ്ച രാത്രി മന്‍ഖൂലിലെ ഫ്ലാറ്റില്‍ ഗ്യാസ്പെപ്പില്‍ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജോലി നടന്നിരുന്ന ഫ്ലാറ്റിന് സമീപം താമസിച്ചിരുന്ന ലക്നൗ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹവും മകളും ഇടനാഴിയിലൂടെ നടന്ന് വരുമ്പോഴാണ് സമീപത്തെ ഫ്ളാറ്റില്‍ നിന്ന് വന്‍ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.

മകളും ഗ്യാസ് പൈപ്പ് ശരിയാക്കാന്‍ വന്ന മെക്കാനിക്കും, ജോലി നടന്നിരുന്ന ഫ്ലാറ്റിലെ താമസക്കാരനുമാണ് പരിക്കുകളോടെ റാശിദ് ആശുപത്രിയില്‍ കഴിയുന്നത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും ദുബൈ പൊലീസ് തൊട്ടടുത്ത ഹോട്ടലിലേക്ക് മാറ്റി. ലക്നൗ സ്വദേശിയുടെ മൃതദേഹം അടുത്തദിവസം നാട്ടിലെത്തിക്കും.

Lets socialize : Share via Whatsapp