മരുന്നിന് പോലും വകയില്ലാതെ ഷാര്‍ജ ആശുപത്രിയില്‍ മലയാളി യുവതി... മഞ്ജുഷയെ സഹായിക്കാന്‍ പ്രവാസികള്‍ കനിയണം

by Sharjah | 26-09-2019 | 1047 views

ഷാര്‍ജ: മഞ്ജുഷയുടെ കണ്‍മുന്നില്‍ ആശുപത്രിയുടെ വെള്ളച്ചുമരുകള്‍ മാത്രം. രണ്ടു വൃക്കകളും തകരാറിലായ ഷാര്‍ജയിലെ സ്‌കൂള്‍ ജീവനക്കാരി എറണാകുളം കാക്കനാട് സ്വദേശിനിയായ 34-കാരി ഷാര്‍ജ സുലൈഖ ആശുപത്രിയിലാണ് അവശനിലയില്‍ കഴിയുന്നത്. ഒരു വൃക്ക അടിയന്തരമായി മാറ്റി വച്ചേ തീരൂ എന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം. പക്ഷേ, മരുന്ന് വാങ്ങാന്‍ പോലും വഴിയില്ലാതെ ഭര്‍ത്താവ് വിഷമസന്ധിയിലാണ്. പിടിച്ചുനില്‍ക്കാനെങ്കിലും സാധിക്കാതെ നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന ഡോക്ടര്‍മാരുടെ വിലക്ക് കാരണം ആ പ്രതീക്ഷയും മങ്ങി.

നാലു വര്‍ഷമായി യുഎഇ-യിലുള്ള മഞ്ജുഷ രണ്ട് വര്‍ഷമായി ഈ സ്‌കൂളില്‍ അസി.സ്റ്റാഫായി ജോലിയില്‍ പ്രവേശിച്ചിട്ട്. തുച്ഛമായ വേതനത്തിനാണ് ജോലി ചെയ്യുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് ആദ്യമായി രോഗ ലക്ഷണം കണ്ടുതുടങ്ങിയത്. കാലില്‍ നീരു വന്നും പോയും കൊണ്ടിരുന്നപ്പോള്‍ അതത്ര കാര്യമാക്കിയില്ല. പിന്നീട് നീര് മുകളിലോട്ട് കയറി മുഖത്തെ കീഴടക്കിയപ്പോള്‍ ആശുപത്രിയില്‍ പരിശോധിപ്പിച്ചു. രക്തസമ്മര്‍ദം വര്‍ധിച്ചിരുന്നു.

പരിശോധനയില്‍ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തി. വേനലവധിക്ക് സ്‌കൂള്‍ അടച്ചപ്പോള്‍ എറണാകുളത്ത് ലേയ്ക് ഷെയര്‍ ആശുപത്രിയിലും പരിശോധന നടത്തി രോഗം ഉറപ്പാക്കി. അത്യാവശ്യ മരുന്നുകള്‍ വാങ്ങി യുഎഇ-യിലേയ്ക്ക് തിരിച്ചുപോന്നു. ജോലി ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും കാലിന് നീരുവന്നു. ഒരാഴ്ച ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നു. തുടര്‍ന്ന് ഛര്‍ദിയും ആരംഭിച്ചു. കുഴഞ്ഞുവീണപ്പോള്‍ വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അഡ്മിറ്റായി. ഛര്‍ദി ഇടയ്ക്കിടെ വരുന്നതിനാല്‍ എന്തെങ്കിലും ഭക്ഷണം കഴിക്കാനോ മറ്റോ സാധിക്കുന്നില്ല.

ഇതിനകം മരുന്നിനും മറ്റുമായി ആശുപത്രിയില്‍ വന്‍ തുക ചെലവായി. ഒരു വൃക്ക മാറ്റി വയ്ക്കണമെങ്കില്‍ പോലും വന്‍ സംഖ്യ ആവശ്യമുള്ളതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ശൂന്യമായ ആശുപത്രിച്ചുവരുകളെ നോക്കി കണ്ണീര്‍ വാര്‍ത്ത് കിടക്കുകയാണ്. ഷാര്‍ജയില്‍ ഡ്രൈവറായ ഭര്‍ത്താവ് രഞ്ജിത്, ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലും. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏക മകള്‍ നാട്ടിലാണ്. ഉറ്റ സുഹൃത്തും കൂടെ താമസിക്കുന്നയാളുമായ അമ്പിളി എല്ലാ സഹായവുമായി ഒപ്പമുണ്ട്. മഞ്ജുഷയെ സഹായിക്കാന്‍ മനസില്‍ നന്മ വറ്റിയിട്ടില്ലാത്തവര്‍ക്ക് മുന്നോട്ടുവരാം.

ഭര്‍ത്താവ് രഞ്ജിത്തിന്‍റെ ഫോണ്‍ നമ്പര്‍: 055-9909928.

യുഎഇ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

NAME: Renjith Rajan

ACCOUNT NO.: 042520005941201

BANK : Dubai Islamic Bank.

Lets socialize : Share via Whatsapp