ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം... പ്രതീക്ഷയോടെ ഇന്ത്യന്‍ താരങ്ങള്‍

by Sports | 26-09-2019 | 1223 views

പതിനേഴാമത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച വൈകീട്ട് ദോഹയില്‍ തുടക്കം. പത്തുദിവസം നീളുന്ന കായിക മത്സരത്തില്‍ 209 രാജ്യങ്ങളില്‍ നിന്ന് 1,928 അത്ലറ്റുകള്‍ പങ്കെടുക്കും. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി ഏഴിന് പുരുഷന്‍മാരുടെ ലോങ് ജമ്പോടെ മത്സരം തുടങ്ങും. ആദ്യ ഇനമായ ലോങ് ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങും.

2003 പാരീസില്‍ വനിതാ ലോങ് ജമ്പില്‍ മലയാളിയായ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലം മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദോഹയിലെത്തുമ്പോഴും ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പാണെന്ന് പറയാറായിട്ടില്ല. ചില ഇനങ്ങളില്‍ ഫൈനലിലെത്തിയാല്‍ത്തന്നെ വലിയ നേട്ടമാകും. മെഡല്‍ മാത്രമല്ല, അടുത്ത വര്‍ഷം ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള യോഗ്യതയും അത്ലറ്റുകളുടെ ലക്ഷ്യമാകും.

27 അംഗ സംഘം

ലോകചാമ്പ്യന്‍ഷിപ്പിന് 25 അംഗ സംഘത്തെ ഇന്ത്യ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്ന്, വനിതകളുടെ 4X400 റിലേ ടീം അംഗമായ ഹിമ ദാസ് പരിക്ക് മൂലം പിന്‍മാറി. വനിതകളുടെ 100 മീറ്ററില്‍ ദേശീയ റെക്കോഡുകാരിയായ ദ്യുതി ചന്ദ്, 400 മീറ്ററില്‍ അഞ്ജലി ദേവി, 200 മീറ്ററില്‍ അര്‍ച്ചന സുശീന്ദ്രന്‍ എന്നിവരെ അവസാന നിമിഷം ടീമില്‍ ചേര്‍ത്തതോടെ ടീമില്‍ 27 പേരായി. ടീമില്‍ 12 മലയാളികളുണ്ട്.

ഇന്ത്യന്‍ പ്രതീക്ഷകള്‍

ജിന്‍സണ്‍ ജോണ്‍സണ്‍

1,500 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയായ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ ഈയിനത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനാകും.

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍, സമീപ കാലത്ത് യൂറോപ്യന്‍ സര്‍ക്യൂട്ടില്‍ മികച്ച ഫോമിലാണ്. 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി (മൂന്നു മിനിറ്റ് 44.72 സെക്കന്‍ഡ്). അതിനുശേഷം മൂന്നുവട്ടം ദേശീയ റെക്കോഡ് തിരുത്തി. ഈ മാസം ആദ്യം ബെര്‍ലിനില്‍ പുതിയ സമയം (മൂന്നു മിനിറ്റ് 35.24 സെക്കന്‍ഡ്) കുറിച്ചു. ബെര്‍ലിനില്‍ അമേരിക്കയുടെ ജോഷ് തോംപ്ണ് പിറകിലായി (മൂന്നു മിനിറ്റ് 35.01 സെക്കന്‍ഡ്) രണ്ടാമനായി. ആഫ്രിക്കന്‍ ഗെയിംസ് ജേതാവായ കോണിലിയസ് തുവേയിയെ (3:35:34) പിന്നിലാക്കി. ഈ പ്രകടനം മെച്ചപ്പെടുത്താനായാല്‍ 1,500 മീറ്ററില്‍ ഫൈനലിലെത്താം.

പി.യു. ചിത്ര

രണ്ടുവര്‍ഷം മുമ്പ് ലണ്ടനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പി.യു.ചിത്രയെ പങ്കെടുപ്പിക്കാത്തത് വിവാദമായിരുന്നു. അതിനുശേഷം ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും കഴിഞ്ഞ ഏപ്രിലില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും (4:14.56) നേടി. പാലക്കാട് സ്വദേശിയായ ചിത്രയുടെ ഈയിനത്തിലെ മികച്ച സമയം നാലുമിനിറ്റ് 13.52 സെക്കന്‍ഡാണ്. ദൃഢനിശ്ചയവും പോരാട്ട വീര്യവുമുള്ള ചിത്ര ഏഷ്യന്‍ ഗെയിംസിലടക്കം അപ്രതീക്ഷിത കുതിപ്പ് നടത്തിയിട്ടുണ്ട്. ലോകമീറ്റിലും അത് പ്രതീക്ഷിക്കാം.

ശ്രീശങ്കര്‍

സമീപ കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അത്ലറ്റാണ് പാലക്കാട് സ്വദേശിയായ ലോങ്ജമ്പര്‍ എം. ശ്രീശങ്കര്‍. കഴിഞ്ഞവര്‍ഷം ഭുവനേശ്വറില്‍ നടന്ന ഓപ്പണ്‍ അത്ലറ്റിക്‌സില്‍ 8.20 മീറ്റര്‍ ചാടിക്കടന്ന് ദേശീയ റെക്കോഡ് സ്ഥാപിച്ചു. ഇക്കുറി പാട്യാല ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ ഒരിക്കല്‍ക്കൂടി എട്ടു മീറ്റര്‍ കടന്നു. ദോഹയില്‍ തന്‍റെ മികച്ച ദൂരം കണ്ടെത്താനായാല്‍ ശ്രീശങ്കറിന് വലിയ നേട്ടമാകും. ഈയിനത്തില്‍ ലോക റെക്കോഡുകാരനായ അമേരിക്കയുടെ മൈക്ക് പവലിന്‍റെ ദൂരം 8.95 മീറ്ററാണ്.

തേജീന്ദര്‍ പാല്‍ ടൂര്‍

ഷോട്ട്പുട്ടില്‍ തേജീന്ദര്‍ പാല്‍ ടൂര്‍ ഏഷ്യന്‍ വിജയി എന്ന ആത്മവിശ്വാസത്തോടെയാകും മത്സരത്തിനിറങ്ങുക. കഴിഞ്ഞ മാസം ഇതേ വേദിയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്‌സില്‍ 20.22 മീറ്റര്‍ എറിഞ്ഞ്, സീസണിലെ മികച്ച പ്രകടനത്തോടെ തേജീന്ദര്‍ സ്വര്‍ണം നേടി. 22.23 മീറ്ററാണ് ഈയിനത്തിലെ ലോകചാമ്പ്യന്‍ഷിപ്പ് റെക്കോഡ്.

അവിനാശ് സാബ്ലെ

ഈ വര്‍ഷം ദോഹയില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ സ്റ്റീപ്പിള്‍ ചേസില്‍ വെള്ളിനേടിയ അവിനാശ് സാബ്ലെ (എട്ട് മിനിറ്റ് 30.19 സെക്കന്‍ഡ്) ആദ്യ പത്തിലെത്തിയാല്‍ത്തന്നെ വലിയ നേട്ടമാകും. ഏഷ്യന്‍ മീറ്റില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിനേടിയ ശിവപാല്‍ സിങ്ങിന്‍റെ കാര്യവും ഇതുപോലെ തന്നെ. 86.23 മീറ്ററാണ് ശിവപാലിന്‍റെ മികച്ച ദൂരം. ഈയിനത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ 90 മീറ്ററിനു മുകളിലേക്ക് ജാവലിന്‍ പായിക്കേണ്ടി വരും.

തോന്നയ്ക്കല്‍ ഗോപി

മാരത്തണ്‍ ഓടുന്ന മലയാളിയായ തോന്നയ്ക്കല്‍ ഗോപി, തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോകചാമ്പ്യന്‍ഷിപ്പിന് ഇറങ്ങുന്നത്. ലണ്ടനില്‍ രണ്ട് മണിക്കൂര്‍ 17 മിനിറ്റ് 13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് 28-ാം സ്ഥാനത്തായി. ഇക്കുറി സോള്‍ അന്താരാഷ്ട്ര മാരത്തണില്‍ രണ്ട് മണിക്കൂല്‍ 13.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സമയം മെച്ചപ്പെടുത്തി. ഗോപിക്ക് ദോഹയില്‍ മുന്നേറ്റമുണ്ടാക്കാനാകും. നടത്തത്തില്‍, ഏഴ് വര്‍ഷം മുമ്പ് ലണ്ടന്‍ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാമതായി ഫിനിഷ് ചെയ്ത മലയാളി താരം കെ.ടി. ഇര്‍ഫാന്‍ ദോഹയില്‍ മത്സരിക്കുന്നുണ്ട്.

റിലേ

4X400 പുരുഷ-വനിതാ റിലേകളിലും മിക്‌സഡ് റിലേയിലും ഇന്ത്യ മത്സരിക്കുന്നുണ്ട്. മിക്‌സഡ് റിലേ ലോകചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യം. ഏഷ്യന്‍ മത്സരങ്ങളില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന ഇനമാണ് റിലേ. പുരുഷ വിഭാഗം 400 മീറ്ററില്‍ ഏഷ്യന്‍ നിലവാരത്തില്‍ ഓടുന്ന മലയാളിയായ മുഹമ്മദ് അനസ് ടീമിലുണ്ട്. റിലേയില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതിനാല്‍ അനസിനെ 400 മീറ്ററില്‍ മത്സരിപ്പിക്കുന്നില്ല.

അഭാവങ്ങള്‍

ജാവലിന്‍ ത്രോയില്‍ ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പ് ജേതാവായ നീരജ് ചോപ്രയും 400 മീറ്ററില്‍ ജൂനിയര്‍ ഒളിമ്പിക്‌സ് ജേതാവായ ഹിമ ദാസും മത്സരിക്കുന്നില്ല. ഇരുവരും പരിക്ക് കാരണം മാറി നില്‍ക്കുന്നു.

Lets socialize : Share via Whatsapp