പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്; യു.എ.ഇ - യുടെ അഭിമാനക്കുതിപ്പ് ഇന്ന്

by General | 25-09-2019 | 320 views

ദുബായ്: ബഹിരാകാശ നിലയത്തിലേയ്ക്കുള്ള യു.എ.ഇ-യുടെ കുതിപ്പ് ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് 7.26ന് കസാഖ്‌സ്താനിലെ ബയ്ക്കനൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് യുഎഇ-യുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി പുറപ്പെടുക. യാത്രയ്ക്കുള്ള എല്ലാ തെയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്‍റര്‍ അറിയിച്ചു. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോച്ച്‌ക, അമേരിക്കയുടെ ജെസീക്ക എന്നിവരാണ് മന്‍സൂരിക്കൊപ്പമുളള മറ്റ് യാത്രികര്‍. യാത്രയ്ക്കുള്ള സോയൂസ് എഫ്.ജി 15 പേടകം സജ്ജമായി.

വിക്ഷേപണത്തിനായുള്ള സോയൂസ് എഫ്.ജി റോക്കറ്റ് ബയ്ക്കനൂര്‍ കോസ്‌മോ ഡ്രോമിലെ ഒന്നാം വിക്ഷേപണത്തറയില്‍ എത്തിച്ചു. പേടകത്തിന് 7.48 മീറ്റര്‍ നീളവും 2.71 മീറ്റര്‍ വ്യാസമുണ്ട്. ആറ് മണിക്കൂര്‍ കൊണ്ട് ബഹിരാകാശ നിലയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യത്തിലുടനീളം ഹസ്സ മല്‍ മന്‍സൂരി 16 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

20 ബില്ല്യണ്‍ ദിര്‍ഹത്തിന്‍റെതാണ് യുഎഇ ബഹിരാകാശ പദ്ധതി. യുവജനതയുടെ സര്‍ഗശേഷി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി കിരീടവകാശിയും യു.എ.ഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് 2017-ല്‍ ബഹിരാകാശ സഞ്ചാരം ആദ്യമായി പ്രഖ്യാപിച്ചത്. 12 വര്‍ഷം മുന്‍പ് യു.എ.ഇ കണ്ട സ്വപ്‌നം 2019-ല്‍ പൂര്‍ണതയില്‍ എത്തുകയാണ്.

Lets socialize : Share via Whatsapp