അരാംകോയിലെ ഹൂതി ആക്രമണം: എണ്ണവില മൂന്നുവര്‍ഷത്തെ ഉയരത്തില്‍

by Business | 17-09-2019 | 597 views

ദുബായ്: സൗദി അരാംകോ എണ്ണക്കമ്പനിയിലുണ്ടായ ഹൂതി ആക്രമണത്തിന്‍റെ പ്രത്യാഘാതം എണ്ണ വിപണിയില്‍ പ്രതിഫലിച്ചു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചുയര്‍ന്ന ശേഷം വില അല്പം താഴ്ന്നു. കുറച്ചുദിവസത്തേക്കു കൂടി വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് സൂചന.

ലോകത്തിലേറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി അരാംകോയിലെ പ്രതിസന്ധി കാരണം ആഗോള എണ്ണ വിപണിയില്‍ അഞ്ചുശതമാനത്തിന്‍റെ ദൗര്‍ലഭ്യമാണുണ്ടായിരിക്കുന്നത്. 57 ലക്ഷം വീപ്പ എണ്ണയാണ് വിപണിയില്‍ എത്താതെ പോയത്. ഇതുകാരണം, തിങ്കളാഴ്ച രാവിലെ വില ഇരുപതു ശതമാനം വരെ ഉയര്‍ന്നെങ്കിലും പിന്നീട് അഞ്ചു മുതല്‍ പത്തു ശതമാനം വരെയായി താഴ്ന്നു. വിപണി ഉണര്‍ന്ന ഉടന്‍ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 71 ഡോളര്‍ (ഏകദേശം 5,000 രൂപ) വരെയായി ഉയര്‍ന്നിരുന്നു. ഉച്ചയോടെ യു.എസ് അസംസ്കൃത എണ്ണ വീപ്പയ്ക്ക് 59.73 ഡോളറിലെത്തി. ബ്രെന്‍റ് ക്രൂഡിന്‍റെ വില 66.25 ഡോളറാണ്. മൂന്നു വര്‍ഷത്തിനിടയിലെ വലിയ നിരക്കാണിത്.

സൗദിയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ നല്‍കാന്‍ നീക്കമുണ്ടെങ്കിലും നാശം നേരിട്ട അരാംകോയുടെ രണ്ടു കേന്ദ്രങ്ങളിലും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാവാന്‍ ഇനിയും ദിവസങ്ങളെടുക്കും. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം പതിവുള്ളതിന്‍റെ പാതിയോളം മാത്രമാണ് ഇപ്പോള്‍.

സൗദിയുടെ കിഴക്കന്‍ പ്രദേശമായ അബ്ക്വയിഖിലും ഖുറൈസിലുമാണ് സ്ഫോടകവസ്തു നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഹൂതി വിമതര്‍ ആക്രമണം നടത്തിയത്. സൗദിയുടെ എണ്ണ പ്രധാനമായും കയറ്റുമതി ചെയ്തിരുന്ന തുറമുഖങ്ങളായ റാസ് തനൂര, ജുയൈമാ എന്നിവിടങ്ങളില്‍ എണ്ണയ്ക്കായി കപ്പലുകള്‍ കാത്തുകിടക്കുകയാണ്.

Lets socialize : Share via Whatsapp