.jpg)
ദമ്മാം: തുമ്പിയും, പുലിതുള്ളലും, ഉഞ്ഞാലാട്ടവും ഒന്നും ഇല്ലെങ്കിലും സൗദിയിലെ പ്രവാസികളും തിരുവോണം ആഘോഷിച്ചു. ഇന്നലെ പ്രവൃത്തിദിനമായതിനാല്‍ മിക്ക മലയാളികളും തിരുവോണ സദ്യക്ക് ഹോട്ടലുകളെയാണ് ആശ്രയിച്ചത്. ഇതിനായി നാട്ടില്‍ നിന്നും കടല്‍ കടന്നെത്തിയ വാഴ ഇല ഉള്‍പ്പെടെ പച്ചക്കറികളും, പൂവുകളും മറ്റും എത്തിയിരുന്നു.
ഓണ സദ്യക്ക് 18 ഇനം മുതല്‍ 27 വരെ വിഭവങ്ങള്‍ ഒരുക്കി ആണ് ഹോട്ടലുകള്‍ പ്രവാസികളെ ആകര്‍ഷിച്ചത്. 23 റിയാല്‍ മുതല്‍ 30 റിയാല്‍ വരെയായിരുന്നു സദ്യക്കായി ഈടാക്കിയിരുന്നത്. ഇത്തവണയും പരസ്പരം സന്ദേശങ്ങള്‍ അയച്ചും, മൊബൈലില്‍ വിളിച്ചുമാണ് ഓണം ആഘോഷിച്ചത്.
വെള്ളിയാഴ്ച്ച അവധി ദിനത്തിലും മിക്ക ഹോട്ടലുകളും ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ചില സംഘടനകളും അന്നേ ദിവസം ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസി സംഘടനകള്‍ മുന്‍വര്‍ഷത്തെ പോലെ ഇത്തവണ നാട്ടില്‍ നിന്നും കലാകാരന്മാരെ പങ്കെടുപ്പിച്ച് പരിപാടികള്‍ ഒന്നും തന്നെ നടത്തുന്നില്ല എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. രാജ്യത്ത് നടപ്പാക്കിയ നിതാഖാത്തും, തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവിയും മറ്റും നിരവധി മലയാളികളുടെ ജോലിയാണ് നക്ഷ്ടമായത്.
നിരവധി പ്രവാസികള്‍ക്ക് ജോലി ചെയ്ത വകയില്‍ ശമ്പള കുടിശ്ശികയും ലഭിക്കാനുണ്ട്. തങ്ങള്‍ ചെയ്തുവരുന്ന ജോലി സ്വദേശികള്‍ക്ക് ലഭിക്കുകയും തങ്ങളുടെ ജോലി നഷ്ടമാകുമോ എന്നുള്ള ആശങ്കയിലുമാണ് പ്രവാസി മലയാളികള്‍. അനുദിനം ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ബിസിനസില്‍ ഉള്ള മുരടിപ്പ് കാരണം സ്പോണ്‍സര്‍ഷിപ്പ് പോലും പ്രോഗ്രാമിന് ലഭിക്കാത്തതിനാല്‍ മിക്ക പ്രവാസി സംഘടനകളും ഇത്തവണ പേരിനു മാത്രമാണ് ഓണാഘോഷം നടത്തുന്നത്.
കഴിഞ്ഞവര്‍ഷം നാട്ടിലുണ്ടായ പ്രളയത്തില്‍ മുങ്ങിപ്പോയ ഓണാഘോഷം പ്രവാസികളും ഉപേക്ഷിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ ഓണം എത്തിയാല്‍ പ്രവാസ ലോകത്ത് ക്രിസ്തുമസ് വരെ ആഘോഷം നീണ്ടു നില്ക്കുമായിരുന്നു ഇത്തവണ അത് ഉണ്ടാകില്ലെന്ന സൂചനയാണ് മിക്ക പ്രവാസിസംഘടനകളും നല്‍കുന്നത്.