.jpg)
കുവൈത്ത് സിറ്റി: സദാദിയ്യയിലെ കുവൈത്ത് യൂണിവേഴ്സിറ്റിയുടെ അധ്യയന വര്‍ഷത്തെ ആദ്യ ദിനത്തോടനുബന്ധിച്ച് അനുഭവപ്പെട്ട ഗതാഗതത്തിരക്ക്, വിദ്യാര്‍ഥികളുടെ പരാതികള്‍ എന്നിവയ്ക്കെല്ലാം യൂണിവേഴ്സിറ്റി അധികൃതര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി വ്യക്തമാക്കി. അധ്യയന വര്‍ഷത്തിലെ ആദ്യദിനം സബാ അല്‍ സാലിമില്‍ അനുഭവപ്പെട്ട മണിക്കൂറുകളോളം നീണ്ട ട്രാഫിക് പ്രശ്നങ്ങള്‍ രണ്ടാംദിവസം തന്നെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിച്ചത്.
യൂണിവേഴ്സിറ്റിയുടെ പ്രവേശന കവാടങ്ങളിലായിരുന്നു കൂടുതല്‍ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടത്. ചില ഡ്രൈവര്‍മാര്‍ കലുഷിത അന്തരീക്ഷം സൃഷ്ടിച്ചതായും പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രധാന കവാടങ്ങളിലെ തിരക്കുകാരണം നിരവധി വിദ്യാര്‍ഥികള്‍ക്ക് ആദ്യം ദിവസം തന്നെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഏകദേശം 22,000 വിദ്യാര്‍ഥികളാണ് യൂണിവേഴ്സിറ്റിയിലുള്ളത്. യാത്രാസൗകര്യം സുഖകരമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റിയുടെ അകത്തും ഡിപ്പാര്‍ട്മെന്റുകളിലും ഇന്റര്‍നെറ്റ് സൗകര്യം വര്‍ധിപ്പിക്കണമെന്നും നിലവിലെ സൗകര്യം ദുര്‍ബലമാണെന്നും വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളും പരാതിപ്പെട്ടിരുന്നു. പഠനാവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇന്റര്‍നെറ്റിനെയാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യതയുടെ കുറവുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുവേണ്ട ഇന്റര്‍നെറ്റ്, ജലം, വൈദ്യുതി, ലൈബ്രറി, ലബോറട്ടറി മറ്റു സൗകര്യങ്ങള്‍ എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും യൂനിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.