പുതിയ സാമ്പത്തിക നിയമം പാസ്സാക്കി ഖത്തര്‍

by International | 13-09-2019 | 377 views

ഖത്തര്‍ അമീര്‍ പുതിയ സാമ്പത്തിക നിയമം പാസ്സാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈ നിയമം നടപ്പില്‍ വരുത്തും. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നിവ തടയുന്നതിനായി 2010 ല്‍ നടപ്പാക്കിയ നിയമം കൂടുതല്‍ കടുത്ത നിബന്ധനകളോടെ പുതുക്കുകയാണ് പുതിയ ഉത്തരവിലൂടെ ചെയ്തത്.

ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര വിഭാഗമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ തത്വങ്ങള്‍ കൂടിയനുസരിച്ചാണ് പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗള്‍ഫ് മേഖലയിലും അന്തര്‍ദേശീയ തലത്തിലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ഖത്തര്‍ കൈക്കൊള്ളുന്ന കര്‍ശന നിലപാടും കൂടി വ്യക്തമാക്കുന്നതാണ് പുതിയ നിയമം.

കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായുള്ള ദേശീയ സമിതിയുടെ വലിയ പരിശ്രമങ്ങളുടെയും കൂടി ഫലമാണ് പുതിയ നിയമനിര്‍മ്മാണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷെയ്ഖ് അബ്ദുള്ളാ ബിന്‍ സൗദ് അല്‍ത്താനി പറഞ്ഞു.

Lets socialize : Share via Whatsapp