വരുന്നു... യുഎഇ - യില്‍ ഭക്ഷ്യോത്പന്നങ്ങളില്‍ വര്‍ണ കോഡുകള്‍

by General | 13-09-2019 | 350 views

ദുബായ്: പഴം, പച്ചക്കറി, മത്സ്യം, മാംസം ഒഴികെയുള്ള എല്ലാ ഭക്ഷ്യോത്പന്നങ്ങളിലും വര്‍ണ കോഡുകള്‍ നടപ്പാക്കുന്നു. യു.എ.ഇ മന്ത്രിസഭയാണ് പൊതുജനങ്ങളില്‍ ആരോഗ്യകരമായ ജീവിതരീതി വളര്‍ത്തിയെടുക്കാന്‍ വര്‍ണ കോഡ് സമ്പ്രദായം നടപ്പാക്കുന്നത്. ജനങ്ങള്‍ക്ക് ഭക്ഷ്യവിഭവങ്ങളിലെ പോഷകമൂല്യം പെട്ടെന്ന് മനസ്സിലാക്കി വിഭവങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും.

ഭക്ഷ്യോത്പന്നങ്ങളിലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് തുടങ്ങിയവയുടെ അളവ് എളുപ്പത്തില്‍ മനസ്സിലാക്കാനായി ചുവപ്പ്, മഞ്ഞ, പച്ച എന്നീ വര്‍ണ കോഡുകളാണ് പായ്ക്കറ്റുകളില്‍ ഉള്‍പ്പെടുത്തുക. ഓരോ ഭക്ഷ്യോത്പന്നത്തിലും അടങ്ങിയിരിക്കുന്ന കലോറിയുടെ അളവും ഇതുവഴി അറിയുവാന്‍ കഴിയും. ടിന്നിലടച്ചതും ഖര, ദ്രാവക രൂപത്തിലുള്ള ഭക്ഷ്യവസ്തുക്കളില്‍ വര്‍ണ കോഡുകളുണ്ടാകും.

2022-ലാണ് ഈ പദ്ധതി നടപ്പാക്കുക. യു.എ.ഇ. ഭക്ഷ്യസുരക്ഷാകാര്യാലയം ആസൂത്രണം ചെയ്ത ഈ പദ്ധതി എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മീറ്ററോളജി(എസ്മ)യാണ് പ്രാവര്‍ത്തികമാക്കുക. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് യു.എ.ഇ ഹാപ്പിനസ് മന്ത്രി ഉഹൂദ് ഖല്‍ഫാന്‍ അല്‍ റൂമി പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യം മനസ്സിലാക്കി അത് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ കളര്‍കോഡ് കൊണ്ട് കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

യു.എ.ഇ-യിലെ പ്രധാനപ്പെട്ട സഹകരണ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടത്തിയ ഫീല്‍ഡ് സര്‍വേഫലങ്ങള്‍ അനുസരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അതില്‍ 72.5 ശതമാനം ആളുകളും ഭക്ഷ്യോത്പന്നങ്ങളുടെ പോഷകമൂല്യം മനസ്സിലാക്കാന്‍ വര്‍ണ കോഡുകള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നതായി വ്യക്തമായിരുന്നു. സര്‍വേയില്‍ യു.എ.ഇ നിവാസികളില്‍ 68 ശതമാനം പേരും അമിത ഭാരമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. 28 ശതമാനം പേര്‍ അമിത വണ്ണമുള്ളവരുമാണ്. 44 ശതമാനം പേര്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോളും 29 ശതമാനം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ട്. 20 ശതമാനം പേര്‍ സോഡിയം കൂടുതലടങ്ങിയ ഭക്ഷണംകഴിക്കുന്നവരാണ്.

  • പച്ച: അപകടസാധ്യത കുറവ്. ആരോഗ്യകരമായ തിരഞ്ഞെടുപ്പ്.
  • മഞ്ഞ: ഇടത്തരം. മിതമായി മാത്രം ഉപയോഗിക്കാവുന്നത്.
  • ചുവപ്പ്: അപകടസാധ്യത കൂടുതലുള്ള ഭക്ഷണം, പതിവായി ഉപയോഗിക്കരുത്.
Lets socialize : Share via Whatsapp