കേരള ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ-യില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കളികള്‍ റദ്ദാക്കി

by Sports | 12-09-2019 | 1251 views

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഐഎസ്‌എല്‍ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ-യില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കളികള്‍ റദ്ദാക്കി. യു.എ.ഇ-യിലെ പ്രമോട്ടറും സംഘാടകരുമായ കമ്പനി കരാറില്‍ വരുത്തിയ വീഴ്ചയെ തുടര്‍ന്നാണ് തീരുമാനം.
കരാര്‍ പ്രകാരം ടീമിന്‍റെ താമസം, പരിശീലന സൗകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്ന് ബ്ളാസ്റ്റേഴ്സ് അധികൃതര്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകരുള്ളതിനാലാണ് പ്രീ സീസണ്‍ ടൂറിന് യു.എ.ഇ തിരഞ്ഞെടുത്തത്. 

യു.എ.ഇ-യിലെത്തിയ ടീമിന് സ്വീകരണവും ആദ്യമത്സരവും ഒരുക്കിയിരുന്നു. ആരാധകരിലേക്കെത്താന്‍ ക്ലബ് നടത്തിയ ശ്രമങ്ങള്‍ കരാര്‍ കമ്പനി അവതാളത്തിലാക്കിയെന്ന് ബ്ലാസ്റ്റേഴ്‌സ് കുറ്റപ്പെടുത്തി. സംഘാടകരുടെ നിരുത്തരവാദപരമായ സമീപനവും പാളിച്ചകളും മൂലം കൊച്ചിയിലേക്ക് ടീം മടങ്ങാന്‍ നിര്‍ബന്ധിതരായെന്ന് അവര്‍ അറിയിച്ചു. പ്രീ സീസണ്‍ മത്സരം കൊച്ചിയില്‍ തുടരും.

Lets socialize : Share via Whatsapp