2022 ഖത്തര്‍ ലോകകപ്പ്: ഖത്തറുമായുള്ള രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ ടീം ദോഹയില്‍

by Sports | 08-09-2019 | 1157 views

ദോഹ: 2022 ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ ടീം ദോഹയിലെത്തി. ദോഹയിലെ ജസീം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള പോരാട്ടം ആരംഭിക്കുക.

ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ ഖത്തറിനെതിരായാണ് ഇന്ത്യയുടെ രണ്ടാം മത്സരം. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിന്‍റെ ഹോം ഗ്രൗണ്ടില്‍ സെപ്തംബര്‍ 10-നാണ് മത്സരം നടക്കുക. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ-യിലെ ഏറ്റവും കരുത്തരായ ടീമാണ് ഖത്തര്‍. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 103ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഖത്തര്‍ 62ാം സ്ഥാനത്താണ്. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. അഫ്ഗാനെതിരെ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഖത്തറുള്ളത്. അതേസമയം ആദ്യമത്സരത്തില്‍ ഒമാനെതിരെ പരാജയപ്പെട്ടതിന്‍റെ നിരാശയുമാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.

ഖത്തറിനെതിരെ അവരുടെ തട്ടകത്തില്‍ ഒരു സമനിലയെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് അത് വലിയ വിജയം തന്നെയാകും. എന്നാല്‍ ജയിക്കാനുറച്ച്‌ തന്നെയാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ ദോഹയില്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ ഏറ്റവും കഠിനമായ മത്സരമായിരിക്കും ഖത്തറിനെതിരായ മത്സരമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വ്യക്തമാക്കി. 2022 world cup in qatar

Lets socialize : Share via Whatsapp