സ്വദേശിവല്‍ക്കരണം മറന്നേക്കൂ... സൗദിയില്‍ 24,000 തൊഴിലവസരങ്ങള്‍

by International | 07-09-2019 | 432 views

സൗദി അറേബ്യയില്‍ പോയ വര്‍ഷം ആരംഭിച്ചത് നാന്നൂറിലധികം നിര്‍മ്മാണ കമ്പനികള്‍. ഊര്‍ജ വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് കഴിഞ്ഞ വര്‍ഷം പുതിയ നിര്‍മ്മാണ ഫാക്ടറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. പുതിയ സ്ഥാപനങ്ങള്‍ വഴി പുതുതായി ഇരുപത്തിനാലായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു.

കഴിഞ്ഞ ദിവസം സൗദി അറേബ്യന്‍ മോണിറ്ററിംഗ് ഏജന്‍സി അഥവാ സാമ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്ത് അനുവദിച്ച പുതിയ സംരംഭങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഊര്‍ജ വ്യവസായ ധാതുവിഭവ മന്ത്രാലയത്തിന് കീഴിലാണ് കഴിഞ്ഞ വര്‍ഷം പുതിയ ലൈസന്‍സുകള്‍ അനുവദിച്ചത്. നാന്നൂറ്റി പത്തൊന്‍പത് നിര്‍മ്മാണ ഫാക്ടറികള്‍ പുതുതായി ആരംഭിക്കുന്നതിനാണ് ലൈസന്‍സുകള്‍. ഇത് വഴി പതിനാലെ ദശാംശം മൂന്ന് ബില്യണ്‍ സൗദി റിയാലിന്‍റെ നിക്ഷേപം നടന്നതായും സാമാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യത്യസ്ത മേഖലകളിലായാണ് നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിച്ചത്. ധാതു നിര്‍മ്മാണ മേഖലയില്‍ തൊള്ളായിരത്തി നാല്‍പത്തിയെട്ട് മില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ അറുപത്തിയേഴ് സ്ഥാപനങ്ങളും, ഫുഡ് നിര്‍മ്മാണ മേഖലയില്‍ ഒന്നേ ദശാംശം എട്ട് ബില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ അറുപത്തിയഞ്ചും സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇത് വഴി ഇരുപത്തിനാലായിരത്തി നാന്നൂറ് പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ നിര്‍മ്മാണ ഫാക്ടറികളുടെ ആകെ എണ്ണം എണ്ണായിരത്തി നാഞ്ഞൂറ്റി നാല്‍പ്പത്തിരണ്ടായി ഉയര്‍ന്നു. ഇവിടങ്ങളില്‍ ജോലിയെടുക്കുന്ന ജീവനക്കാരുടെ എണ്ണം ആറ് ലക്ഷത്തി പതിനയ്യായിരം കടന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Lets socialize : Share via Whatsapp