കരിപ്പൂരിനോട് അവഗണനയെന്ന് പരാതി: പുതിയ സര്‍വ്വീസുകളില്ല

by General | 06-09-2019 | 465 views

കോഴിക്കോട്: കേരളത്തില്‍ പുതുതായി വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒന്നു പോലും കരിപ്പൂരിന് അനുവദിച്ചില്ല. ആഭ്യന്തര-വിദേശ സര്‍വ്വീസുകള്‍ അനുവദിക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം കടുത്ത അവഗണനയാണ് നേരിടുന്നതെന്നാണ് പരാതി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതും വരുമാനം ഉണ്ടാക്കുന്നതും കരിപ്പൂര്‍ വിമാനത്താവളമാണ്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുതിയ സര്‍വ്വീസുകള്‍ അനുവദിക്കുമ്പോള്‍ കരിപ്പൂരിനെ അവഗണിക്കുന്നതായാണ് പരാതി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വിവിധ വിമാന കമ്പനികള്‍ 39 ആഭ്യന്തര സര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറായി. ഇതിലൊരു സര്‍വ്വീസ് പോലും കരിപ്പൂരിനില്ല. ബംഗലുരിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. യൂറോപ്പിലേക്കും യു.എസിലേക്കും യാത്രാ സൗകര്യം തീര്‍ത്തും അപര്യാപതം. സിങ്കപ്പൂര്‍, മലേഷ്യ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും വിമാനങ്ങളില്ല.

ഇവിടേക്കുള്ള യാത്രക്കാര്‍ കൊച്ചി, ബംഗലുരു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൊളമ്പോ സര്‍വ്വീസും കരിപ്പൂരിന് നഷ്ടപ്പെട്ടു. വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ വിദേശ കമ്പനികള്‍ തയ്യാറായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് പിന്തുണ കുറവാണെന്ന ആക്ഷേപവും ഉണ്ട്.

Lets socialize : Share via Whatsapp