പ്രവാസികളും ആധാർ പരിധിയിൽ; കേന്ദ്രബജറ്റ് നിർദേശം മൂന്നു മാസത്തിനകം നടപ്പിലാക്കും

by General | 04-09-2019 | 415 views

പ്രവാസികളെയും ആധാർ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരുമെന്ന കേന്ദ്രബജറ്റ് നിർദേശം മൂന്നു മാസത്തിനകം നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി ആധാർ കേന്ദ്രങ്ങളിൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. ആധാറിന്‍റെ പരിധിയിൽ വരുന്നതോടെ പ്രവാസികൾക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പമാകും എന്നാണ് പ്രതീക്ഷ.

അടുത്ത മൂന്നു മാസങ്ങൾക്കകം പ്രവാസികൾക്ക് ആധാർ കാർഡ് നൽകി തുടങ്ങും. യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അജയ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിൽ വരുന്ന പ്രവാസികൾക്ക് ആധാർ കാർഡ് ലഭ്യമാക്കാനുള്ള സൗകര്യവും വിവിധ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുമെന്നും അജയ് ഭൂഷൺ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഐ.ടി വകുപ്പ് പുറത്തിറക്കി.

എന്നാൽ നാട്ടിലെ ആധാർ കേന്ദ്രങ്ങൾക്കു പുറമെ വിദേശത്തെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏർെപ്പടുത്തണമെന്ന ആവശ്യം ശക്തമാണ്. പാസ്പോർട്ട് ഇഷ്യു ചെയ്യുന്ന അതേ മാതൃകയാണ് ആധാർ കാർഡിന്‍റെ കാര്യത്തിലും. ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭിക്കുന്നത് പ്രവാസികൾക്ക് കൂടുതൽ ഗുണം ചെയ്യും.

പ്രവാസികൾക്ക് കൂടി ആധാർ ആനുകൂല്യം ഉറപ്പാക്കുമെന്ന പുതിയ കേന്ദ്ര പൊതുബജറ്റ് നിർദേശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി ശംസുദ്ദീൻ ഉൾപ്പെടെയുള്ളവരുടെ നിരന്തര ശ്രമങ്ങൾ കേന്ദ്രനിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ട്. വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാർക്ക് ആധാർ ആനുകൂല്യം ലഭിക്കാൻ നേരത്തെ അർഹത ഉണ്ടായിരുന്നില്ല.

Lets socialize : Share via Whatsapp