യു.എ.ഇ - യില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞു

by General | 27-08-2019 | 399 views

ദുബായ്: നല്ല റോഡുകളും കര്‍ശനമായ ട്രാഫിക് നിയമങ്ങളും കനത്ത പിഴയുമെല്ലാം യു.എ.ഇ-യില്‍ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയതായി ആഭ്യന്തരമന്ത്രാലയം. അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യു.എ.ഇ-യില്‍ ഗതാഗതക്കുരുക്ക് 34 ശതമാനം കുറഞ്ഞുവെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ ഗുരുതരമായ റോഡപകടങ്ങളുടെ എണ്ണം 24 ശതമാനം കുറഞ്ഞു.

കഴിഞ്ഞവര്‍ഷം യു.എ.ഇ-യിലെ റോഡുകളില്‍ 470 പേര്‍ മരണപ്പെട്ടു. 3,712 ഗുരുതരമായ വാഹനാപകടങ്ങളുമുണ്ടായി. ടയര്‍ പൊട്ടി 100 പേരാണ് മരിച്ചത്. മോശം ടയറുകള്‍ 785 അപകടങ്ങള്‍ക്ക് കാരണമായി. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട കണക്കുപ്രകാരം റോഡ് ഗുണനിലവാരത്തിന്‍റെ ആഗോള സൂചികയില്‍ 2014 മുതല്‍ തുടര്‍ച്ചയായി യു.എ.ഇ ഒന്നാംസ്ഥാനത്താണ്.

ഗതാഗതസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദുബായ് പോലീസ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം തുടക്കമിട്ട അപകടരഹിതദിനം കാമ്പയിന്‍ ഇത്തവണയും സ്കൂള്‍ തുറക്കുന്ന സെപ്റ്റംബര്‍ രണ്ട് മുതല്‍ തുടങ്ങും. ഗതാഗത നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ ഇളവ് നല്‍കുന്ന പദ്ധതിയുടെ രണ്ടാംഘട്ടവും ആരംഭിച്ചിരുന്നു. 4,25,371 പേര്‍ക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചു.

വാഹനമോടിക്കുന്നവരെ ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ വഴികാട്ടാന്‍ സ്മാര്‍ട്ട് ഇലക്‌ട്രോണിക് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എക്സ്‌പോയ്ക്ക് മുന്‍പ് 112 ഡൈനാമിക് മെസേജിങ് സൈന്‍സ് സ്ഥാപിക്കാനാണ് പദ്ധതി. 18 ബോര്‍ഡുകള്‍ ഇതിനകം സ്ഥാപിച്ചു.

Lets socialize : Share via Whatsapp