.jpg)
ദുബൈ: അബുദാബി വിമാനത്താവളത്തിലേക്ക് ഇനി ദുബൈയില്‍ നിന്ന് പോകാന്‍ ടാക്സി പിടിക്കേണ്ട. പുതുതായി മുസഫയിലേക്ക് ആരംഭിച്ച E102 ബസ് റൂട്ടാണ് അബുദാബി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് ഗുണകരമാവുന്നത്. ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്നാരംഭിക്കുന്ന ബസ് അബുദാബി വിമാനത്താവളത്തിന്റെ ഒന്ന്, മൂന്ന് ടെര്മിനലുകള്ക്കരികില് ബസിന് സ്റ്റോപ്പുണ്ട്. അല്‍-ഐന്‍ യൂണിവേഴ്സിറ്റി, അല്‍ നജ സ്കൂള്‍, മുസഫ പാര്‍ക്ക് എന്നിവിടങ്ങളിലൂടെ നീങ്ങുന്ന ബസ് മുസഫ ഷാബിയ ബസ് സ്റ്റേഷനിലാണ് സമാപിക്കുക.
ദുബൈ റോഡ് ഗതാഗത അതോറിറ്റിയും അബുദാബി ഗതാഗത വകുപ്പും ചേര്‍ന്ന് സാധ്യമാക്കിയ പുതിയ റൂട്ട് മുസഫ മേഖലയിലെ കുടുംബങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്. ദുബൈയില്‍ നിന്ന് മുസഫയ്ക്ക് പോകാന്‍ അബുദാബി ബസ് സ്റ്റേഷനിലും മുസഫക്കാര്ക്ക് ദുബൈയിലേക്ക് ബസ് പിടിക്കാന്‍ അബുദാബി ബസ് സ്റ്റേഷനിലും പോവുക എന്ന തലചുറ്റി മൂക്ക് പിടിക്കുന്ന മട്ടിലെ പ്രയാസമാണ്, പുതിയ ബസ് സര്‍വീസിന്റെ വരവോടെ ഇല്ലാതായത്. മുസഫയ്ക്ക് വണ്ടി പിടിക്കുക എന്ന അധികപ്പണി ഇനി ഒഴിവാകും.
കൂടുതല്‍ മേഖലകളെ പൊതുഗതാഗത ശൃംഖലയില്‍ ഗുണകരമായി ബന്ധിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ റൂട്ടെന്ന് അല്‍ മസ്റൂഇ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) പൊതുഗതാഗത വിഭാഗം ഡയറക്ടര്‍ അതീഖ് മുഹമ്മദ് അല്‍ മസ്റൂഇ വ്യക്തമാക്കി. എക്സ്പോ 2020-ന് മുന്നോടിയായി രാജ്യത്തെ സുപ്രധാന എമിറേറ്റുകള്‍ തമ്മില്‍ കൂടുതല്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ പുതിയ ബസ് സര്‍വീസുകള്‍ സഹായകമാവും. നിലവില്‍ മണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്ക് വിലയിരുത്തിയ ശേഷം അര മണിക്കൂറില്‍ ഒന്ന് എന്ന രീതിയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ആലോചനയുണ്ട്. അബുദാബി വിമാനത്താവളത്തില്‍ നിന്ന് ഇബ്നു ബത്തൂത്ത സ്റ്റേഷനേയും എക്സ്പോ വേദിയേയും ബന്ധിപ്പിക്കുന്ന റൂട്ടും വരും.