.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ 22ാം നമ്പര്‍ കുടുംബവിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാറായി ഉയര്‍ത്തി. നിലവില്‍ ഇതിന് 450 ദിനാര്‍ മതിയായിരുന്നു. നിലവില്‍ രാജ്യത്ത് താമസിക്കുന്ന 500 ദിനാറില്‍ കുറവ് ശമ്പളമുള്ള കുടുംബങ്ങളുടെ താമസരേഖ പുതുക്കാനും അപേക്ഷ നിരാകരിക്കാനുമുള്ള വിവേചനാധികാരം താമസകാര്യ വകുപ്പ് മേധാവിക്കായിരിക്കും. അതേസമയം, ചില തസ്തികയില്‍ ജോലിയെടുക്കുന്നവരെ ശമ്പളപരിധി നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, നിയമ വിദഗ്ധര്‍, നിയമ ഗവേഷകര്‍, ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും, സര്‍വകലാശാലകളിലെയും കോളേജുകളിലെയും ഉന്നത സ്ഥാപനങ്ങളിലെയും പ്രൊഫസര്‍മാര്‍, സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ മേഖലയിലെ ലബോറട്ടറി അറ്റന്‍ഡര്‍, സര്‍വകലാശാലയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍, എന്‍ജിനീയര്‍മാര്‍, പള്ളിയിലെ ഇമാമുമാര്‍, മതപ്രഭാഷകര്‍, പള്ളിയിലെ ബാങ്കുവിളിക്കാരന്‍, ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യ സര്‍വകലാശാലകളിലെയും ലൈബ്രേറിയന്മാര്, ആരോഗ്യമന്ത്രാലയത്തിലെ നഴ്സിങ് അതോറിറ്റിയിലെ ജീവനക്കാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മെഡിക്കല്‍ ടെക്നീഷ്യന്മാര്, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ മേഖലയിലെ സമൂഹിക മനഃശാസ്ത്ര വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍, സ്പോര്‍ട്സ് ഫെഡറേഷനിലെയും സ്പോര്‍ട്സ് ക്ലബുകളിലെയും പരിശീലകര്‍, കായിക താരങ്ങള്‍, പൈലറ്റുമാര്‍, എയര്‍ ഹോസ്റ്റസ്, ശ്മശാനങ്ങളിലെ ജീവനക്കാര്‍ എന്നിവരെയാണ് ശമ്പള പരിധി നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്ക് കുറഞ്ഞ ശമ്പളമാണെങ്കിലും കുടുംബത്തെ കൊണ്ടുവരാം. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജര്‍റാഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.