.jpg)
അബുദാബി: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് നിലവില്‍വരുന്ന മധ്യപൂര്‍വ ദേശത്തെ ആദ്യ രാജ്യം എന്ന വിശേഷണം ഇനി യു.എ.ഇ-ക്ക് സ്വന്തം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ശനിയാഴ്ച റുപേ കാര്‍ഡ് അബുദാബിയില്‍ പുറത്തിറക്കുന്നത്.
റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും യു.എ.ഇ-യിലെ മെര്‍ക്കുറി പേയ്മെന്റുും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുമെന്ന് യു.എ.ഇ-യിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി അറിയിച്ചു.
ഡിജിറ്റല്‍ പെയ്മെന്റുകള്‍, വ്യാപാരം, ടൂറിസം എന്നിവയില്‍ ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഈ നീക്കത്തിന് പിന്നില്‍. നിലവില്‍ സിങ്കപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്ക് പുറത്ത് റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ രംഗങ്ങളിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുമെന്നും നവദീപ് സിങ് സൂരി പറഞ്ഞു.
റുപേ കാര്‍ഡ്
വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവയ്ക്ക് പകരമുള്ളതാണ് റുപേ കാര്‍ഡ്. യു.എ.ഇ-യിലെ പി.ഒ.എസ് ടെര്‍മിനലുകളിലും റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. എല്ലാ ഔട്ട്ലെറ്റുകളിലും ഉപയോഗിക്കാം. പണമിടപാടുകള്‍ക്ക് മാസ്റ്റര്‍, വിസ ഡെബിറ്റ് കാര്‍ഡുകളേക്കാള്‍ നിരക്ക് വളരെ കുറവാണ്. സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ പോലെ എ.ടി.എം., പി.ഒ.എസ്., ഓണ്‍ലൈന്‍ സെയില്‍സ് എന്നീ ആവശ്യങ്ങള്‍ക്ക് റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇടപാടുകള്‍ അതിവേഗം പൂര്‍ത്തിയാകും.
2012-ല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് റുപേ കാര്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്സി ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം റുപേ കാര്‍ഡ് അനുവദിക്കുന്നുണ്ട്.