പ്രധാനമന്ത്രി ഈ മാസം യുഎഇ-യും ബഹ്റൈനും സന്ദര്‍ശിക്കും

by General | 19-08-2019 | 212 views

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം യുഎഇ-യും ബഹ്റൈനും സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎഇ-യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കുന്ന അദ്ദേഹം അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തും.

സന്ദര്‍ശന തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഓഗസ്റ്റ് 23-ന് യുഎഇ-യിലെത്തുന്ന അദ്ദേഹം 24-ന് ബഹ്റൈനിലേക്ക് പോകുമെന്നാണ് സൂചന. ഈ മാസം 22 മുതല്‍ 26 വരെ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് മുന്നോടിയായി യുഎഇ-യും ബഹ്റൈനും സന്ദര്‍ശിക്കുമെന്നാണ് സൂചന.

2019 ഏപ്രിലിലാണ് യുഎഇ-യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ മൂന്നാമത്തെ യുഎഇ സന്ദര്‍ശനമാണിത്.

Lets socialize : Share via Whatsapp