വിമാന നിരക്ക് നിയന്ത്രിക്കല്‍: നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി

by General | 03-08-2019 | 613 views

ഡല്‍ഹി: തിരക്കേറുന്ന സമയത്ത് സ്വകാര്യ വിമാനക്കമ്പനികള്‍ തോന്നും പോലെ നിരക്ക് കൂട്ടുന്നത് തടയാന്‍ നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രി. കേരളത്തിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, വ്യോമയാന മന്ത്രിയുമായി കേരളത്തിലെ എം.പി-മാര്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഉത്സവ സീസണുകളിലെല്ലാം ഉയര്‍ന്ന യാത്രാ നിരക്കാണ് കേരളത്തിലെ പ്രവാസികളില്‍ നിന്ന് മിക്ക സ്വകാര്യ വിമാനക്കമ്പനികളും ഈടാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും വിഷയം പരിഹരിക്കാന്‍ നടപടിയുണ്ടായില്ല.

മുഖ്യമന്ത്രിയും കേരളത്തിലെ എം.പി-മാരും നിരവധി തവണ പ്രശ്നം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ കൂടി ഇടപെടലിന്‍റെ ഭാഗമായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി കേരളത്തിലെ എം.പി-മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

അമിത നിരക്ക് തടയാനുള്ള സംവിധാനങ്ങളുണ്ടാക്കുന്നതിനൊപ്പം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസ് തുടങ്ങുമെന്നും മന്ത്രി എം.പി-മാര്‍ക്ക് ഉറപ്പുനല്‍കി. കണ്ണൂരില്‍ നിന്ന് എല്ലാ ദിവസവും ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കും.

കൊച്ചിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളില‍േക്ക് നേരിട്ട് സര്‍വീസുകള്‍ തുടങ്ങുന്ന കാര്യവും പരിഗണിക്കും. അടുത്ത പാര്‍ലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ യോഗത്തിന്‍റെ വിലയിരുത്തല്‍ നടത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായും കേരളത്തില്‍ നിന്നുള്ള എം.പി-മാര്‍ പറഞ്ഞു.

Lets socialize : Share via Whatsapp