സൗദിയില്‍ ബിനാമി ഇടപാടുകള്‍ക്ക് മൂക്കുകയറിടുന്നു...

by International | 30-07-2019 | 387 views

ജിദ്ദ: പലചരക്ക്‌ കടകളിലെയും (ബഖാല) മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളിലെയും ബിനാമി ഇടപാടുകള്‍ തടയുന്നതിന് മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതിനടത്താന്‍ ബിനാമി വിരുദ്ധ പദ്ധതിയുടെ ദേശീയ സമിതി നീക്കം നടത്തുന്നതായി സമിതി സെക്രട്ടറി ജനറല്‍ സല്‍മാന്‍ അല്‍ ഹിജാര്‍ വ്യക്തമാക്കി.

വാണിജ്യ തട്ടിപ്പിലൂടെ വിദേശികള്‍ ഒന്നാകെ കൈവശം വെച്ചിട്ടുള്ള ഇത്തരം മേഖലകളിലേക്ക് സ്വദേശികളെ കടന്നുചെല്ലാന്‍ പ്രാപ്തരാക്കുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്ന്‌ സഹായ ധനം കണ്ടെത്തുമെന്നും സല്‍മാന്‍ അല്‍ ഹിജാര്‍ പറഞ്ഞു.

ബാങ്കുകളുമായി സഹകരിച്ച്‌ ചെറുകിട, മൈക്രോ റീട്ടെയില്‍ പ്രോജക്ടുകള്‍ക്ക് സഹായധന പദ്ധതികള്‍ കണ്ടെത്തുന്നതിന് ഈ പ്രോഗ്രാം ആഗ്രഹിക്കുന്നുവെന്ന് കിഴക്കന്‍ മേഖലാ ചേംബറില്‍ നടന്ന യോഗത്തില്‍ അല്‍-ഹിജാര്‍ പറഞ്ഞു.

വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്‍റെയും സൗദി മോണിറ്ററി അതോറിറ്റിയുടെയും സഹകരണത്തോടെ ഇലക്‌ട്രോണിക് ബില്ലുകള്‍ നല്‍കാനും ഷോപ്പുകളില്‍ ബില്ലിങ്ങിനായി പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനും ആവശ്യപ്പെടും. എല്ലാ ബഖാലകളിലും സമാന ഷോപ്പുകളിലും ഇലക്‌ട്രോണിക് പേയ്‌മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കുകയും ചെയ്യും.

ചെറുകിട കച്ചവട മേഖലകളിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും കൃതൃത നിരീക്ഷിക്കുന്നതിനും വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച്‌ ആധുനിക ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടും. പുതിയ നിര്‍ദേശങ്ങളുടെ കരട് രേഖ തയ്യാറായതായും താമസിയാതെത്തന്നെ ശൂറാ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും സമിതി സെക്രട്ടറി ജനറല്‍ സല്‍മാന്‍ അല്‍ ഹിജാര്‍ വൃക്തമാക്കി.

Lets socialize : Share via Whatsapp