പിടിയിലാകുന്ന വിദേശികളെ നാടുകടത്തും; ഈ രാജ്യത്ത്‌ യാചകവൃത്തിക്കെതിരെ പുതിയ നിയമം

by International | 30-07-2019 | 417 views

സൗദി: സൗദിയില്‍ യാചകവൃത്തിക്കെതിരെ പുതിയ നിയമം കൊണ്ടുവരുന്നു. പിടിയിലാകുന്ന യാചകരായ വിദേശികളെ നാടുകടത്താനാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് രണ്ടായിരത്തി എഴുനൂറിലധികം സ്വദേശികളായ യാചകര്‍ പിടിയിലായി.

യാചകവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. പണത്തിന് വേണ്ടി യാചന നടത്തുക, ശരീരത്തില്‍ വ്യാജ മുറിവുകള്‍ ഉണ്ടാക്കിയും ശരീരത്തിലെ വൈകല്യങ്ങള്‍ കാണിച്ചും കുട്ടികളെ ഉപയോഗിച്ചും പണം ആവശ്യപ്പെടുന്നതെല്ലാം യാചനയുടെ പരിധിയില്‍ പെടും. ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി സഹകരിച്ച്‌ സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് യാചകവൃത്തിയുമായി ബന്ധപ്പെട്ട പുതിയ നിയമം കൊണ്ടുവരുന്നത്. നിലവിലുള്ള യാചകരുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം ശേഖരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം സ്വദേശികളായ 2,710 യാചകര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്‌. ഇതില്‍ 2140-ഉം സ്ത്രീകളാണ്.

ഭിന്നശേഷിക്കാര്‍ക്കും, ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും നിയമം ബാധകമാണ്. യാചന തൊഴിലായി സ്വീകരിക്കുന്ന സൗദികള്‍ക്ക് ഒരു വര്‍ഷത്തെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. വിദേശിയാണെങ്കില്‍ ഈ ശിക്ഷകള്‍ അനുഭവിച്ചതിനു ശേഷം നാടു കടത്തുകയും ചെയ്യും.

Lets socialize : Share via Whatsapp