സുരക്ഷാ ബോധവത്കരണം, മുന്‍കരുതലുകള്‍ ; സുരക്ഷിത അയല്‍പക്കം പദ്ധതിയുമായി ഷാര്‍ജ പോലീസ്

by Sharjah | 30-07-2019 | 1182 views

ഷാര്‍ജ: ജനജീവിതം സുരക്ഷിതവും സുഗമവുമാക്കാന്‍ ഷാര്‍ജ പോലീസിന്‍റെ പ്രത്യേക പദ്ധതിക്ക് തുടക്കമായി. സുരക്ഷിത അയല്‍പക്കം എന്ന പേരിലാണ് ഷാര്‍ജ പോലീസ് പ്രത്യേക പദ്ധതി തുടങ്ങിയത്.

ഷാര്‍ജയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്. സുരക്ഷാ ബോധവത്കരണം, മുന്‍കരുതലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സുരക്ഷിത അയല്‍പക്കം എന്ന പദ്ധതി നടപ്പാക്കുന്നത്. ഷാര്‍ജ പോലീസിന്‍റെ വിവിധ വിഭാഗങ്ങള്‍ ഇതില്‍ പങ്കാളികളാകും. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്റ്റേഷനും ഉണ്ടാകും. രാത്രികാല പട്രോളിങ്ങ്, രാത്രിയില്‍ അടിയന്തര പരാതി സ്വീകരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സുരക്ഷിത അയല്‍പക്കം പദ്ധതി നടപ്പാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം തടയാനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട് .

ഷാര്‍ജ നിവാസികള്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ പോലീസ് ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. പോലീസ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സുരക്ഷാ നിര്‍ദേശങ്ങള്‍ പതിച്ച പോലീസ് വാഹനം പൊതുജനങ്ങള്‍ കാണത്തക്ക വിധത്തില്‍ ഏറെ നേരം പാര്‍ക്ക് ചെയ്തും ബോധവത്കരണ പദ്ധതി നടപ്പാക്കുന്നുണ്ട്. പട്രോളിങ് ശക്തമാക്കിയും സംശയാസ്പദമായി കാണുന്നവരെ ചോദ്യം ചെയ്തും പോലീസ് നടപപടി ശക്തമാക്കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് സമീപകാലത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞു എന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. യു.എ.ഇ-യെ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം എന്ന പദവിയിലേക്ക് എത്തിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായുള്ള സുരക്ഷാ പരിപാടികളും ഷാര്‍ജ പോലീസ് നടത്തിവരികയാണ്.

Lets socialize : Share via Whatsapp